england-team

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് പുതിയ നായകന്‍ ജോ റൂട്ട്. സഹതാരങ്ങളെ നിയന്ത്രിക്കുന്നതിന് പകരം വിശ്വസിക്കാനാണ് റൂട്ടിന്‍റെ തീരുമാനം. റൂട്ട് നായക സ്ഥാനവും ഫ്ലെമിങ് പരിശീലക സ്ഥാനവും ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര അടുത്തയാഴ്ച്ച തുടങ്ങും.

പാക്കിസ്ഥാനെതിരായ അടുത്തയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന് കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് ക്യാപ്റ്റൻ ജോ റൂട്ട്. സമീപകാലത്ത് കളത്തിനു പുറത്തുണ്ടായ സംഭവങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനാകെ നാണക്കേടായ സാഹചര്യത്തില്‍,  സഹതാരങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നാണ് വിശ്വാസമെന്ന് റൂട്ട്. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന  മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയോടെയാണ് ജോ റൂട്ട് – സ്റ്റീഫന്‍ ഫ്ലെമിങ്ങ് കാലഘട്ടത്തിന് തുടക്കമാകുന്നത്.  

ആഷസിന് മുമ്പ്,  ഹാരി ബ്രൂക്ക് നിശാ ക്ലബ്ബിലെ സുരക്ഷാ ജീവനക്കാരനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.  ഓസീസിനോട് 4–1ന് തോറ്റ ആഷസിനിടെ ചില താരങ്ങള്‍ നൈറ്റ് ക്ലബില്‍ മദ്യപിച്ച് നൃത്തം ചെയ്തത്  വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. പിന്നാലെയാണ് ഇംഗ്ലണ്ട് ടീമില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ, കർഫ്യൂ ലംഘിച്ചതിന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസനെയും ഒരു ടെസ്റ്റിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മക്കല്ലത്തിന് പിന്‍ഗാമിയായാണ് ഫ്ലെമിക് ഇംഗ്ലണ്ട് പരിശീലകനാകുന്നത്. ബെന്‍ സ്റ്റോക്സ് കളമൊഴിഞ്ഞതോടെയാണ് ജോ റൂട്ട് നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. 

ENGLISH SUMMARY:

England cricket team's new captain Joe Root has lifted the night curfew. Root's decision is based on trusting his teammates to act responsibly rather than imposing strict controls.