• ലോര്‍ഡ്സ് ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ സ്കൈ സ്പോര്‍ട്സ് ഇമ്രാന്‍ ഖാന്‍റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്താല്‍ ഫീല്‍ഡിങിനിറങ്ങില്ലെന്നായിരുന്നു പിസിബിയുടെ ഭീഷണി. ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്കൈ ന്യൂസിന്‍റെ അഭിമുഖമാണ് വിവാദമായത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ബഹിഷ്കരണം ഭീഷണിയുമായി പാക്കിസ്ഥാന്‍. ലോര്‍ഡ്സ് ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ സ്കൈ സ്പോര്‍ട്സ് ഇമ്രാന്‍ ഖാന്‍റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്താല്‍ ഫീല്‍ഡിങിനിറങ്ങില്ലെന്നായിരുന്നു പിസിബിയുടെ ഭീഷണി.  ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്കൈ ന്യൂസിന്‍റെ അഭിമുഖമാണ് വിവാദമായത്. എന്നാല്‍ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അനുനയത്തിന് പാക്കിസ്ഥാന്‍ വഴങ്ങിയെന്നാണ് സൂചന.

പാക്കിസ്ഥാനുമായുള്ള ടെസ്റ്റ് മല്‍സരം പുരോഗമിക്കുന്നതിനിടെ ഇമ്രാന്‍റെ മക്കള്‍ ശ്രദ്ധാകേന്ദ്രമാകുന്നതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അതൃപ്തി അറിയിച്ചുവെന്ന് ക്രിക്ഇന്‍ഫോയും ഗാര്‍ഡിയനുമടക്കമുള്ള മാധ്യമങ്ങള്‍ നേരത്തേ തന്നെ  റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്യുന്ന പക്ഷം ഗ്രൗണ്ടിലിറങ്ങരുതെന്ന് പിസിബി ബാബര്‍ അസമിനും ടീമിനും നിര്‍ദേശം നല്‍കുകയും ചെയ്തു. ഭീഷണി വകവയ്ക്കാതെ സ്കൈ സംപ്രേഷണവുമായി മുന്നോട്ട് പോയി. ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വഴങ്ങേണ്ടി വന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 

മുന്‍ ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൈക്കല്‍ അതേര്‍ടനാണ് 18 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം നടത്തിയത്. മുന്‍ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍റെ ആരോഗ്യനില വഷളാണെന്നും അദ്ദേഹത്തിന് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയ 21 ക്യാപ്റ്റന്‍മാരില്‍ അതേര്‍ടനും ഉണ്ടായിരുന്നു. 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാന്‍ തടവിലാണ്. 

ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിട്ടിട്ടും വേണ്ട ചികില്‍സ നല്‍കാതെ പിതാവിനെ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്ന് ഇമ്രാന്‍റെ മക്കളായ കാസിം ഖാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ദിവസവും 23 മണിക്കൂര്‍ നേരമാണ് ഇമ്രാന്‍ സെല്ലില്‍ തന്നെ കഴിയുന്നതെന്നും ഒറ്റപ്പെടുത്തിയും സമ്മര്‍ദത്തിലാക്കിയും അധികൃതര്‍ ഇമ്രാന്‍റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും  കാസിം ആരോപിച്ചു. 'അവരെന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കുമറിയില്ല. സെല്ലിനുള്ളിലിട്ട് തന്നെ ഇമ്രാനെ കൊല്ലാനുള്ള പദ്ധതിയാകാം. കഴിയുന്നത്ര കാലം നിശബ്ദനാക്കുകയെന്ന ലക്ഷ്യവും ഉണ്ടാകാം'- കാസിം പറഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇമ്രാനെ കഴിഞ്ഞയാഴ്ച ഇസ്​ലമാബാദിലെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയിരുന്നു. അര്‍ധരാത്രിയിലെ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ ഇമ്രാനെ തിരികെ സെല്ലിലുമെത്തിച്ചു.

ലോര്‍ഡ്സ് ടെസ്റ്റിനിടെ ഇമ്രാന്‍റെ മക്കളുടെ അഭിമുഖം പുറത്തുവന്നതില്‍ സമൂഹമാധ്യമങ്ങളില്‍ അനുകൂല പ്രതികരണങ്ങളാണ്. പിസിബിയുടെ വൃത്തികെട്ട മുഖം ഒരിക്കല്‍ കൂടി വെളിപ്പെട്ടുവെന്ന് പാക് ക്രിക്കറ്റ് കമന്‍റേറ്ററായിരുന്ന നജീബുള്ള കുറിച്ചു. ഇമ്രാനോട് ഇത്തരത്തില്‍ മാനുഷിക പരിഗണന കാട്ടിയതില്‍ അതേര്‍ടനോട് പാക്കിസ്ഥന്‍ കടപ്പെട്ടിരിക്കുമെന്ന് മറ്റൊരാളും എക്സില്‍ കുറിച്ചു. 'പാക്കിസ്ഥാനിലെ സൈനിക ഭരണകൂടത്തിന്‍റെ ക്രൂരമുഖം ലോകം മുഴുവന്‍ ഇങ്ങനെ കണ്ടതില്‍ സന്തോഷം, അതും ലോര്‍ഡ്സ് ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ ആയത് നന്നായി' എന്നായിരുന്നു ആക്ടിവിസ്റ്റായ മെഹ്​ലാക്വ സമദാനിയുടെ പ്രതികരണം. 

പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് ഇതിഹാസമാണ് ഇമ്രാന്‍. പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ഏക ക്രിക്കറ്റ് ലോകകപ്പ് (1992) സമ്മാനിച്ചതും ഇമ്രാന്‍ തന്നെ. പിന്നീട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവമായ ഇമ്രാന്‍ പ്രധാനമന്ത്രിയുമായി. എന്നാല്‍ അഴിമതിക്കേസില്‍ പാക് സര്‍ക്കാര്‍ ഇമ്രാനെ ജയിലിലടയ്ക്കുകയായിരുന്നു.

ENGLISH SUMMARY:

The Pakistan Cricket Board (PCB) reportedly threatened to boycott the ongoing Lord's Test against England after Sky Sports decided to broadcast an 18-minute interview with Imran Khan’s sons during the match. Transcribed by former English captain Michael Atherton, the interview featured Kasim Khan detailing his father's severe health issues, solitary confinement, and alleged denial of proper medical treatment by Pakistani authorities. Despite the PCB instructing captain Babar Azam and the team not to take the field if the clip aired, Sky Sports proceeded with the broadcast, leading the English Cricket Board to intervene and defuse the stand-off. The public broadcast garnered immense social media support for Imran Khan while drawing sharp criticism toward the PCB and Pakistani state authorities.