India's Rishabh Pant plays a shot during the fourth day of the first Test cricket match between Sri Lanka and India at the Galle International Stadium in Galle on August 18, 2026. (Photo by Ishara S. KODIKARA / AFP)

  • നാലാം ദിനം രണ്ടാം സെഷനില്‍ ലഹിരു കുമാരയെ സിക്സര്‍ പറത്തിയാണ് പന്ത് സെവാഗിനും രോഹിതിനും നഷ്ടമായ റെക്കോര്‍ഡ് സ്വന്തമാക്കിയത്

ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഋഷഭ് പന്ത്. ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് പന്തിന്റെ റെക്കോര്‍ഡ് നേട്ടം.  നാലാം ദിനം രണ്ടാം സെഷനില്‍ ലഹിരു കുമാരയെ സിക്സര്‍ പറത്തിയാണ് പന്ത് സെവാഗിനും രോഹിതിനും നഷ്ടമായ റെക്കോര്‍ഡ് സ്വന്തമാക്കിയത്. സെവാഗിനും രോഹിത് ശര്‍മയ്ക്കും 91 സിക്സുകള്‍ വീതമാണുള്ളത്. 

97 സിക്സുകളോടെയാണ് പന്ത് കളി തുടങ്ങിയത്.  98 സിക്സുകളുള്ള ക്രിസ് ഗെയ്​ലായിരുന്നു അപ്പോള്‍ മുന്നില്‍. 138 സിക്സടിച്ച ബെന്‍ സ്റ്റോക്സ്,  ബ്രണ്ടന്‍ മക്കല്ലം (107) ആദം ഗില്‍ ക്രിസ്റ്റ് (100) എന്നിവരാണ് പന്തിന് മുന്നേ ഈ നേട്ടം സ്വന്തമാക്കിയവര്‍. അതിവേഗം 100 സിക്സടിച്ച ക്ലബില്‍ ഒന്നാമനും പന്താണ്. 51 മല്‍സരങ്ങളാണ് പന്തിന് നേട്ടത്തിലെത്താന്‍ വേണ്ടി വന്നത്. 

ടെസ്റ്റ് ക്രിക്കറ്റിന്‍റെ 149 വര്‍ഷത്തെ ചരിത്രത്തില്‍ 80 മല്‍സരങ്ങള്‍ക്കകത്ത് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും പന്താണ്. 82 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നാണ് ബെന്‍ സ്റ്റോക്സ് റെക്കോര്‍ഡിലെത്തിയത്. 

69 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത പന്ത് ടെസ്റ്റില്‍ 20–ാം അര്‍ധ സെഞ്ചറിയും നേടി. ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍ നാലാം ദിനം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 371 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

ENGLISH SUMMARY:

Rishabh Pant etched his name in cricket history by becoming the first Indian player to hit 100 sixes in Test cricket during the Galle Test against Sri Lanka. Pant shattered previous records held by Virender Sehwag and Rohit Sharma while also becoming the fastest player in Test history to reach the century-six mark, taking just 51 matches. His explosive knock of 66 runs further solidified India's dominant position as they built a massive lead on Day 4.

Google trending Topic: Rishabh Pant