ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെള്ളിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഷമിയുടെ പ്രഖ്യാപനം. അതേസമയം, ഏകദിന, ടി20 മത്സരങ്ങളിൽ തുടര്‍ന്നും കളിക്കുമെന്നും ഷമി വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഷമി തീരുമാനം ആരാധകരെ അറിയിച്ചത്. ‘ഞാൻ വൈറ്റ് ജഴ്സിയോട് വിടപറയുകയാണ്, പക്ഷേ അതിലെ ഓർമ്മകളും ബന്ധവും ഒരിക്കലും അവസാനിക്കുന്നില്ല. ഇന്ത്യയുടെ ടെസ്റ്റ് ജഴ്സി ആദ്യമായി അണിഞ്ഞപ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നൊരു സ്വപ്നം മാത്രമാണ് എനിക്കുണ്ടായിരുന്നത്. അന്നുമുതൽ ഓരോ വിക്കറ്റും ഓരോ പോരാട്ടവും പരിക്കുകളും തിരിച്ചുവരവുകളും എനിക്ക് ഓരോ പാഠങ്ങൾ നല്‍കി’- ഷമി കുറിച്ചു.

ഇന്ത്യക്കായി 64 ടെസ്റ്റ് മത്സരങ്ങൾ കളിച്ച മുഹമ്മദ് ഷമി 229 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2013ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഷമിയുടെ ടെസ്റ്റ് അരങ്ങേറ്റം. 2019 ലോകകപ്പിലും 2023 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ താരം പരുക്കിനെത്തുടർന്ന് ഏറെക്കാലം ടീമിന് പുറത്തായിരുന്നു.

തനിക്ക് പിന്തുണ നൽകിയ സഹതാരങ്ങൾക്കും കോച്ചുകൾക്കും കുടുംബാംഗങ്ങൾക്കും കോടിക്കണക്കിന് ഇന്ത്യൻ ആരാധകർക്കും ഷമി നന്ദി അറിയിച്ചു. കൂടാതെ, തന്റെ കരിയർ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബിസിസിഐയ്ക്കും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിനും താരം നന്ദി രേഖപ്പെടുത്തി.

‘കളിക്കളത്തിൽ എന്റെ അവസാന ടെസ്റ്റ് പന്ത് എറിഞ്ഞുകഴിഞ്ഞിട്ടുണ്ടാകാം, എന്നാൽ ഇന്ത്യക്കായി കളിച്ചുവെന്ന അഭിമാനം എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും. നന്ദി, ടെസ്റ്റ് ക്രിക്കറ്റ്’-  എന്ന് കുറിച്ചാണ് ഷമി തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ENGLISH SUMMARY:

Indian fast-bowling stalwart Mohammed Shami has officially announced his retirement from Test cricket, bidding farewell to the white jersey via social media. Renowned for his lethal seam and swing movement, Shami leaves behind a legendary legacy as one of India's greatest match-winners in the longest format of the game. While stepping away from Test matches, he confirmed that he will continue to represent India in One Day Internationals and T20 matches. In an emotional farewell note, he expressed gratitude to his teammates, coaches, family, and millions of fans for their unwavering support throughout his career.