പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. കുട്ടിയുടെ രണ്ടാനഛൻ അസം സ്വദേശി മുഹേശ്വറിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തു. തലയ്ക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം വന്നു, ഒന്നാം നിലയിൽ നിന്ന് വീണ് പരുക്കേറ്റു എന്നെല്ലാമാണ് പൊലീസിന് മുന്നിൽ മുഹേശ്വർ പറഞ്ഞത്. എന്നാല്‍ പ്രതി മൂന്ന് വയസുകാരന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. മുഹേശ്വർ കുട്ടിയെ മർദിക്കുമായിരുന്നുവെന്ന് അയൽവാസിയും മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
കുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് പൊലീസിനോടും ദേഹാസ്വാസ്ഥ്യം വന്നെന്ന് ആശുപത്രിയിലും പറഞ്ഞതോടെ ഇയാളെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മുഹേശ്വറിന്‍റെ അറസ്റ്റും രേഖപ്പെടുത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് മുഹേശ്വർ. കൊല്ലപ്പെട്ട മൂന്നുവയസുകാരന്‍ ബിറ്റുപാനിന്റെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചാണ് ഇയാൾ പെരുമ്പാവൂരിൽ താമസം ആരംഭിച്ചത്.