Image Credit: X/ANI

Image Credit: X/ANI

അയര്‍ലന്‍ഡിനോട് ട്വന്‍റി 20യില്‍ ഇന്ത്യ നാണംകെട്ട് തോറ്റതിന് പിന്നാലെ സഞ്ജു സാംസണ് മുന്നറിയിപ്പുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്നലെ നടന്ന ആദ്യ ട്വന്‍റി 20യില്‍ നാല് പന്തില്‍ നിന്ന് വെറും അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് എടുക്കാന്‍ കഴിഞ്ഞത്. ഈ കളി കളിച്ചാല്‍ ടീമിന് പുറത്തിരിക്കേണ്ടി വരുമെന്നും പകരം വൈഭവ് സൂര്യവംശി ടീമിലിടം പിടിക്കുമെന്നുമാണ് മഞ്ജരേക്കറുടെ മുന്നറിയിപ്പ്. 34 റണ്‍സിനാണ് ട്വന്‍റി 20 ചാംപ്യന്‍മാരായ ഇന്ത്യ അയര്‍ലന്‍ഡിനോട് തോറ്റത്. 

അഭിഷേകും സഞ്ജുവുമായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. വൈഭവിന് പ്ലേയിങ് ഇലവനില്‍ ഇടമുണ്ടായില്ല. നാളെ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ വൈഭവ് അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്.  വൈഭവിന്‍റെ ടീമിലേക്കുള്ള വരവിനെ സഞ്ജുവും അഭിഷേകും നിസാരമായി കാണേണ്ടതില്ലെന്ന് മഞ്ജരേക്കര്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ സീസണില്‍ 776 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 'സഞ്ജുവാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്' എന്നായിരുന്നു സോണി സ്പോര്‍ട്സിനോട് മഞ്ജരേക്കറുടെ പ്രതികരണം. 

അതേസമയം, ഇന്നലത്തെ മല്‍സരത്തില്‍ വൈഭവ് ഇറങ്ങിയിരുന്നുവെങ്കിലും ഫലത്തില്‍ മാറ്റമുണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. നിലവിലെ ടീമില്‍ സഞ്ജുവും അഭിഷേകുമുള്ളതിനാല്‍ വൈഭവിന് ഇടമില്ല. അത് കണ്ടെത്തുകയാണ് വൈഭവിന്‍റെ ജോലി. ' അഭിഷേക് ആദ്യ കാലത്ത് ചെയ്തത് പോലെയോ അതിനെക്കാള്‍ മികച്ച രീതിയിലോ തുടക്കം വൈഭവ് നന്നാക്കണം. ആദ്യ ആറോവറില്‍ എങ്ങനെ കളിക്കുന്നുവെന്നതിലാണ് കാര്യം. തുടര്‍ന്നുള്ള ഓവറുകളില്‍ അതിന്‍റെ തുടര്‍ച്ചയാണ് ഉണ്ടാവുക. ഓപ്പണറായി ഇറങ്ങിയാല്‍ പിന്നാലെ വരുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിലാകണം വൈഭവിന്‍റെ ശ്രദ്ധ. സിക്സടിക്കാന്‍ എളുപ്പമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ആദ്യ ആറോവറുകളില്‍ സിക്സ് കണ്ടെത്താന്‍ വൈഭവിന് കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും. പക്ഷേ ടോപ് ഓര്‍ഡറില്‍ നിലവില്‍ വൈഭവിന് ഇടമില്ലെന്ന് ഉറപ്പിച്ച് പറയാം'- മഞ്ജരേക്കര്‍ പറയുന്നു. 

അതേസമയം, നാളെയും വൈഭവിനെ ഇറക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ പോള്‍ വാല്‍ത്താട്ടി പറയുന്നത്. വൈഭവിനെ കളിപ്പിക്കുന്നതിന്  പകരം രവി ബിഷ്ണോയിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാകും മാനേജ്മെന്‍റ് ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ 148 റണ്‍സിന് ഓള്‍ ഔട്ടായി. 20 പന്തില്‍ 50 റണ്‍സടിച്ച അഭിഷേകൊഴികെ ആര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. ആറുതാരങ്ങളാണ് രണ്ടക്കം കാണാതെ മടങ്ങിയത്. ട്വന്‍റി 20 ലോകചാംപ്യന്‍മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. അയര്‍ലന്‍ഡിനോട് പരാജയപ്പെടുന്നതും ഇതാദ്യമാണ്. നായകനായുള്ള അരങ്ങേറ്റത്തില്‍ ശ്രേയസ് അയ്യര്‍ക്ക് മൂന്ന് റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. 

ENGLISH SUMMARY:

Former Indian cricketer Sanjay Manjrekar has issued a stern warning to wicketkeeper-batsman Sanju Samson following India's shocking defeat against Ireland in the first Twenty20 International. Samson failed to make an impact during the series opener, managing to score a mere five runs off four deliveries before being dismissed early in the innings. Speaking to Sony Sports, Manjrekar noted that consistent failures at the top of the order could cost the Kerala star his spot, especially with young sensation Vaibhav Suryavanshi waiting on the sidelines. The former commentator highlighted that Suryavanshi's phenomenal performance for Rajasthan Royals in the previous domestic season makes him a highly formidable contender for the opening slot. Despite chasing a target of 183 runs set by the hosts, the recently crowned world champions collapsed to 148 runs all out, marking India's first-ever T20I loss against Ireland. While opener Abhishek Sharma provided a brilliant silver lining with a blistering twenty-ball half-century, an overall batting collapse left debutant captain Shreyas Iyer struggling to pick up the pieces ahead of the crucial second match.