sanju-vaibhav-03

ഇന്ത്യ - അയര്‍ലന്‍ഡ് ആദ്യ ടി20 ക്രിക്കറ്റ് മല്‍സരത്തിനു നാളെ ബെല്‍ഫാസ്റ്റ് സ്റ്റോര്‍മോണ്ട് സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ് വേദിയാകും. പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യറിനു കീഴിൽ വൈഭവ് സൂര്യവംശി തന്റെ സീനിയർ ടീമിലേയ്ക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നതാണു പ്രത്യേകത. ഇടംകയ്യൻ ബാറ്റര്‍ സൂര്യവംശി ഓപ്പണർ അഭിഷേക് ശർമ്മയ്‌‌‌ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണു സൂചന.

 

ആദ്യ പന്തുമുതൽ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ കെൽപ്പുള്ള രണ്ട് ഇടംകയ്യന്മാർ ഒന്നിച്ച് ഇന്നിങ്സ് ആരംഭിക്കുന്നത് ഇന്ത്യൻ ബാറ്റിങ്ങിനു പുതിയ മാനം നല്‍കുമെന്നാണു പ്രതീക്ഷ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ 'പ്ലെയർ ഓഫ് ദ് ടൂർണമെന്റ്' ആയ മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാം നമ്പരിൽ ഇറങ്ങുന്നതു കാണാന്‍ കാത്തിരിക്കുകയാണ് അയര്‍ലന്‍ഡിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍. വിക്കറ്റ് കീപ്പറായി മൂന്നാം നമ്പറില്‍ സഞ്ജു ഇറങ്ങുമെന്നാണു പ്രതീക്ഷ. മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ ടീമിലുണ്ടെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനം സഞ്ജുവിന് മുൻഗണന നൽകുന്നുണ്ട്. 

 

ഈ വർഷം ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയതിന് ശേഷം സൂര്യകുമാർ യാദവിൽ നിന്നാണ് ശ്രേയസ് അയ്യർ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ശ്രേയസിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവു കൂടിയാണിത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാമതായും, അടുത്തിടെ ഇന്ത്യ 'എ' ടീമിനെ ശ്രീലങ്കയിൽ വിജയത്തിലേക്ക് നയിച്ച വൈസ് ക്യാപ്റ്റൻ തിലക് വർമ്മ അഞ്ചാമതായും ക്രീസിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 

 

അതേസമയം, അയര്‍ലന്‍ഡ് സീനിയർ താരം പോൾ സ്റ്റിർലിങ്ങിന്റെ അഭാവത്തിൽ പുതിയ മുഴുവൻ സമയ ക്യാപ്റ്റൻ ലോർക്കൻ ടക്കറുടെ കീഴിലാണ് അയർലൻഡ് ഇറങ്ങുന്നത്. റോസ് അഡയർ, സ്റ്റീഫൻ ഡോഹേനി എന്നിവർ ഇന്നിങ്സ് ഓപ്പൺ ചെയ്യുമ്പോൾ മധ്യനിരയിൽ ഹാരി ടെക്ടറിലാണ് ഐറിഷ് പടയുടെ പ്രതീക്ഷ. ലിയാം മക്കാർത്തി നയിക്കുന്ന താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയിൽ കൗമാര താരം റൂബൻ വിൽസണും നാളെ അരങ്ങേറ്റത്തിന് സാധ്യതയുണ്ട്. ടീമിൽ മൂന്ന് പുതിയ താരങ്ങൾക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. 

 

ബെൽഫാസ്റ്റിലെ പ്രശസ്തമായ ടൈറ്റാനിക് ക്വാർട്ടറിലാണ് മത്സരത്തിനായി എത്തിയ ഇന്ത്യൻ ടീം താമസിക്കുന്നത്. ചരിത്രപരമായി ഇന്ത്യയ്ക്ക് വ്യക്തമായ മേധാവിത്വമുള്ള പോരാട്ടമാണെങ്കിലും, പുതിയ പരീക്ഷണങ്ങൾക്കും യുവതാരങ്ങളുടെ മികവ് തെളിയിക്കാനുമുള്ള സുവർണ്ണാവസരമായാണ് ഇന്ത്യൻ ക്യാമ്പ് ഈ പരമ്പരയെ നോക്കിക്കാണുന്നത്.

 

ജന്മനാടിനെതിരെ കളത്തിലറങ്ങാന്‍ ജയ് മൂന്ദ്ര

 

ഇന്ത്യയിൽ ജനിച്ച ബോളിങ് ഓൾറൗണ്ടർ ജയ് മൂന്ദ്രക്കും അയർലൻഡ് ടീമിൽ ആദ്യ രാജ്യാന്തര കോൾ-അപ്പ് ലഭിച്ചിട്ടുണ്ട്. സ്വന്തം ജന്മരാജ്യത്തിനെതിരായ അരങ്ങേറ്റസാധ്യത ഈ പരമ്പരയെ കൂടുതൽ കൗതുകകരമാക്കുന്നുണ്ട്. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയാണ് ജയ് മൂന്ദ്ര. വിദ്യാര്‍ഥിയായി അയർലൻഡിലെത്തിയ മൂന്ദ്ര ഐറിഷ് പൗരത്യം നേടിയതോടെ ആഭ്യന്തര മല്‍സരങ്ങളില്‍ തെളിഞ്ഞ് ദേശീയ ടീമിലെത്തുകയായിരുന്നു. സ്വന്തം ജന്മനാടിനെതിരെ അഭിമാനത്തോടെയാണ് അദ്ദേഹം വിദേശ ജഴ്‌സി അണിയുന്നത്. 

 

അയര്‍ലന്‍ഡ് ടീമിലെ പ്രധാന പേസർമാരും ഓൾറൗണ്ടർമാരും പരിക്കു കാരണം കളിക്കാനിറങ്ങുന്നില്ല എന്നു വന്നതാണ് ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെ മൂന്ദ്രയെ കോളപ്പ് പട്ടികയില്‍ എത്തിച്ചത്. ജോഷ് ലിറ്റിൽ, മാർക്ക് അഡയർ, പോൾ സ്റ്റിർലിംഗ്, കർട്ടിസ് കാംഫർ, ബാരി മക്കാർത്തി തുടങ്ങിയവരുടെ അഭാവം ടീമിനെ പുതിയ താരങ്ങളെ പരീക്ഷിക്കാൻ നിർബന്ധിതമാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജയ് മൂന്ദ്രയ്ക്ക് ആദ്യ സീനിയർ കോൾ-അപ്പ് ലഭിച്ചത്.

 

ഇന്ത്യയ്ക്കിതു പരീക്ഷണ പരമ്പര

 

ഇന്ത്യയും അയർലൻഡും നേരത്തേ നിരവധി ടി20 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ബെല്‍ഫാസ്റ്റിലേയ്ക്കു ടീം എത്തുന്നത് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്. നേരത്തേ 2007 ലായിരുന്നു ഇന്ത്യയുടെ ബെല്‍ഫാസ്റ്റ് പര്യടനം. അതുകൊണ്ടു തന്നെ രണ്ടു ദിവസം നീളുന്ന ഈ പരമ്പര ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെയാണു കാണുന്നത്. ചെറിയ രണ്ടു മല്‍സരങ്ങള്‍ എന്നു പറയാമെങ്കിലും ഇംഗ്ലണ്ട് പരമ്പരയ്ക്കു മുന്നോടിയായി പുതിയ ക്യാപ്റ്റൻ, യുവതാരങ്ങൾ, ബാക്കപ്പ് ഓൾറൗണ്ടർമാർ എന്നിവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ബെല്‍ഫാസ്റ്റിലേത്. 

 

നേരത്തേ തയാറെടുത്തു ബെല്‍ഫാസ്റ്റ് മലയാളികള്‍

 

ഇന്ത്യ - അയര്‍ലന്‍ഡ് മല്‍സരം പ്രഖ്യാപിച്ചതിനു പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും അയര്‍ലന്‍ഡിലെയും മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹം കനത്ത തയാറെടുപ്പുകളാണു നടത്തിയത്. മാസങ്ങള്‍ക്കു മുന്നേ പലരും ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. ആദ്യ രണ്ടു ദിവസത്തിനകം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നെങ്കിലും സംഘാടകര്‍‍ സീറ്റിങ് കപ്പാസിറ്റി ഉയര്‍ത്തിയതോടെ കൂടുതല്‍ ടിക്കറ്റുകള്‍ വീണ്ടും വില്‍പനയ്ക്കെത്തിയിരുന്നു. 

 

60പൗണ്ടായിരുന്ന ടിക്കറ്റിനു പിന്നീട് 70 പൗണ്ടിനാണു വില്‍പന നടത്തിയത്. അതേ സമയം സ്വകാര്യ  വാട്സാപ് ഗ്രൂപ്പുകളിലൂടെ വ്യക്തികളും സംഘടനകളും 100 പൗണ്ടിനു മുകളില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നുണ്ട് എന്നാണു വിവരം. അതേ സമയം സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളും ഹോട്ടലുകളും ഗിവ് എവേ ആയി ടിക്കറ്റ് സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY:

Belfast is set to host the first T20I between India and Ireland under new captain Shreyas Iyer. Young sensation Vaibhav Suryavanshi is expected to make his senior debut, while Malayali fans eagerly await Sanju Samson’s return to the batting lineup. The series also features Ireland's new-look squad and India-born all-rounder Jay Mundra’s potential international debut.