Image Credit: instagram/vaibhav

Image Credit: instagram/vaibhav

ഇന്ത്യയ്ക്കെതിരെ അയര്‍ലന്‍ഡ് അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ രണ്ടു ട്വന്‍റി 20 മത്സരങ്ങളുള്ള പര്യടനത്തെ ആകര്‍ഷകമാക്കുന്നത് വൈഭവ് സൂര്യവംശിയെന്ന് താരം തന്നെയാണ്. അയര്‍ലന്‍ഡിനെതിരായ ടീമില്‍ ഇടം പിടിച്ച വൈഭവ് അരങ്ങേറിയാല്‍ അത് ചരിത്രം. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് സൂചന. വൈഭവിന്‍റെ അരങ്ങേറ്റത്തില്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക് ഉറപ്പൊന്നും പറയുന്നില്ല. ഇന്നത്തെ മത്സരത്തില്‍ വൈഭവ് കളിക്കില്ലെന്ന നിഗമനത്തിലാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.

വൈഭവിന്‍റെ ബാറ്റിങിലെ കഴിവിനെ പറ്റി സംസാരിച്ച സിതാന്‍ഷു സമയമാകുമ്പോള്‍ വൈഭവ് അരങ്ങേറുമെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. 'ടീമിന്‍റെ കാര്യം തനിക്കറില്ല, ഇക്കാര്യം പിന്നീട് ക്യാപ്റ്റനും കോച്ചും തീരുമാനിക്കും. പക്ഷെ നിലവില്‍ വൈഭവ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എല്ലാ താരങ്ങള്‍ക്കുമുള്ള അതേ നിയമങ്ങളാണ് വൈഭവിനും. സമയം വരുമ്പോള്‍ അദ്ദേഹവും അരങ്ങേറും. എന്നാലിത് നാളെയാണോ അടുത്ത കളിയിലാണോ എന്ന് പറയുക ബുദ്ധമുട്ടാണ്' എന്നാണ് ബാറ്റിങ് കോച്ചിന്‍റെ വാക്കുകള്‍. 

വൈഭവ് ടീമിലെത്തുമ്പോള്‍ മികച്ച ഫോമിലുള്ളവരെ ഒഴിവാക്കുന്നതിലെ പ്രശ്നവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പുതിയ താരങ്ങള്‍ വന്നുകൊണ്ടിരിക്കും. അതാണ് ബിസിസിഐയുടെ ഘടന. നിലവില്‍ നന്നായി കളിക്കുന്നവരെ ഒഴിവാക്കാന്‍ പാടില്ല. ഇത് കോച്ചിനും സെലക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ടീമിനൊപ്പം ചേരുന്ന എല്ലാവരും കളിക്കാൻ അവരുടെ ഊഴം വരെ കാത്തിരിക്കണം' എന്നും അദ്ദേഹം പറഞ്ഞു. 

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റിങ് നിരയില്‍ മാറ്റുണ്ടാകില്ലെന്നാണ് പൂജാര കരുതുന്നത്. അഭിഷേകും സഞ്ജു സാംസണും ഇഷാന്‍ കിഷനും കളിക്കുമെന്നാണ് പൂജാരയുടെ വിലയിരുത്തല്‍. സഞ്ജുവും ഇഷാനും കളിക്കുമെന്ന് കാര്യത്തില്‍ പൂജാര ഉറപ്പു പറയുന്നുണ്ട്. ഇന്ത്യ കളിക്കാരെ മാറ്റിമാറ്റി പരീക്ഷിക്കുമ്പോള്‍ വൈഭവിന് ഒരു മത്സരത്തില്‍ അവസരം ലഭിക്കുമെന്നാണ് പൂജാരയുടെ പക്ഷം. 

വൈഭവ് സൂര്യവംശിക്ക് ടീമില്‍ ഇടം ലഭിച്ചാല്‍ സഞ്ജു, അഭിഷേക്, ഇഷാന്‍ കിഷന്‍ ഇവരിലൊരാള്‍ പുറത്തിരിക്കേണ്ടിവരും. ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളാണ് മൂവരും. അതേസമയം ഐപിഎല്ലിലും അവസാന നടന്ന ത്രിരാഷ്ട്ര എ പര്യടനത്തിലും മികച്ച പ്രകടനത്തോടെയാണ് വൈഭവ് എത്തുന്നത്. ത്രിരാഷ്ട്ര മത്സരത്തിന്‍റെ ഫൈനലില്‍ 94 റണ്‍സാണ് വൈഭവ് നേടിയത്. 11 പന്തിലാണ് അന്ന് അര്‍ധ സെഞ്ചറി തികച്ചത്. 

ENGLISH SUMMARY:

While the anticipation surrounding Vaibhav Suryavanshi’s potential debut in the T20 series against Ireland is high, reports suggest he may not play in the opening match. Indian batting coach Sitanshu Kotak emphasized that while Vaibhav is a promising talent, his inclusion will be decided by team management at the appropriate time, noting the difficulty of dropping in-form players. Former Indian cricketer Cheteshwar Pujara concurs, predicting that India will likely stick with its established top order of Abhishek Sharma, Sanju Samson, and Ishan Kishan for the first game. Despite this, Vaibhav remains a top prospect following his explosive performance in the recent tri-series, where he scored a 94-run knock including a rapid 11-ball half-century.