വൈഭവ് സൂര്യവംശി കരിയറിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. 15-ാം വയസിലാണ് ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം, തകര്‍ക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ്. ഏതൊരു ക്രിക്കറ്റ് ഭ്രാന്തനും സ്വപ്നം കാണുന്ന ഇന്ത്യന്‍ സീനിയര്‍ ടീം ജഴ്സിയിലേക്ക് വൈഭവിന് ഇനി അധിക ദൂരമില്ല. അയര്‍ലന്‍ഡ് പര്യടനത്തിലെ ടീമില്‍ ഉള്‍പ്പെട്ട വൈഭവ് സീനിയര്‍ ടീമിനൊപ്പം ചേര്‍ന്ന കാഴ്ചകള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം വിമാനത്തില്‍ നിന്നുള്ള സെല്‍ഫിയും വൈഭവിന് ജഴ്സി സമ്മാനിക്കുന്ന വിഡിയോയുമാണ് വൈറല്‍.

ഹോട്ടല്‍ മുറിയില്‍ വൈഭവിന് സീനിയര്‍ ടീമിന്‍റെ ജഴ്സി കൈമാറുന്ന വിഡിയോ ബിസിസിഐ പങ്കുവച്ചു. സ്വപ്നം യാഥാര്‍ഥ്യമായെന്നാണ് വൈഭവ് കിറ്റ് ഏറ്റുവാങ്ങികൊണ്ട് പറഞ്ഞത്. ഇതൊരു സ്വപ്നം പോലെയാണ് തോന്നിയതെന്നും ജഴ്സി കണ്ട നിമിഷം മുതൽ ചിരി അടക്കാൻ കഴിഞ്ഞില്ലെന്നും വൈഭവ് പറഞ്ഞു. 

'സത്യം പറഞ്ഞാൽ, വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയില്ല. ആദ്യമായി ബാറ്റും കയ്യിലെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പരിശീലനത്തിന് ഇറങ്ങിയതിന്റെ കാരണം ഇതായിരുന്നു. ഇന്ന് ആ സ്വപ്നം യാഥാർത്ഥ്യമായി, ആ യാത്രയിലെ ഏറ്റവും വലിയ ചുവടുവെപ്പ് പൂർത്തിയായി. ഈ ഒരു വികാരം വാക്കുകളിൽ ഒതുക്കാൻ സാധിക്കുന്നില്ല' എന്നാണ് വൈഭവിന്‍റെ വാക്കുകള്‍. 

സീനിയര്‍ ടീമില്‍ മൂന്നാം നമ്പറാണ് വൈഭവിന് നല്‍കിയിട്ടുള്ളത്. ഐപിഎല്ലിലും ഇന്ത്യയുടെ ജൂനിയര്‍ ടീമിലും വൈഭവ് ഉപയോഗിച്ചതും ഇതേ നമ്പറാണ്. സീനിയര്‍ ടീമില്‍ നേരത്തെ ഹര്‍ഭജന്‍ സിങും സുരേഷ് റെയ്നയുമാണ് മൂന്നാം നമ്പര്‍ ഉപയോഗിച്ചത്. 

ജൂലൈ ഒന്നു മുതലാണ് അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മല്‍സരം. ഓപ്പണിങില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം കടുത്ത മത്സരമാണ് വൈഭവ് നേരിടേണ്ടിവരിക. 

ENGLISH SUMMARY:

Fourteen-year-old batting prodigy Vaibhav Suryavanshi has marked a monumental milestone in his career by joining the Indian senior cricket team for the upcoming Ireland tour. The BCCI shared a heartwarming video of the youngster receiving his official team jersey in his hotel room, where he expressed immense joy and described the moment as a dream come true. Suryavanshi, who will wear the prestigious number 3 jersey previously donned by legends like Harbhajan Singh and Suresh Raina, broke Sachin Tendulkar's long-standing record by debuting for the India U-19 team at just 13. While visuals of his journey and camaraderie with senior players have gone viral on social media, the upcoming series starting July 1st will pose a tough challenge as he competes for an opening slot against established stars like Sanju Samson, Abhishek Sharma, and Ishan Kishan.