ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എയ്ക്ക് എതിരെ ഇന്ത്യ എയ്ക്ക് സൂപ്പര്‍ ഓവറില്‍ തോല്‍വി. ഇരു ടീമുകളും 265 റണ്‍സെടുത്ത് സമനിലയായതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എ 16 റണ്‍സെടുത്തു. 10 റണ്‍സെടുക്കാനെ ഇന്ത്യ എയ്ക്ക് സാധിച്ചുള്ളൂ. വിജയിച്ചതിന് പിന്നാലെയാണ് ശ്രീലങ്കന്‍ താരങ്ങളും വൈഭവ് സൂര്യവംശിയും തമ്മില്‍ തര്‍ക്കമുണ്ടായത്.
ശ്രീലങ്കൻ ഫീൽഡർമാരിൽ നിന്നുള്ള പ്രകോപനമാണ് തര്‍ക്കത്തിന് കാരണം. വിഷൻ ഹലാംബാഗെയുടെ ഭാഗത്ത് നിന്നാണ് പ്രകോപനപരമായ വാക്കുകളുണ്ടായത്. സൂര്യൻഷിന്റെ നേരെ താരം പാഞ്ഞടുക്കുകയും ചെയ്തു. ഇതോടെ സഹതാരത്തെ പിന്തുണയ്ക്കാനാണ് വൈഭവ് ഇടപെട്ടത്. വൈഭവ് ഇടതുകൈകൊണ്ട് ശ്രീലങ്കന്‍ താരത്തെ തള്ളിമാറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ശ്രീലങ്കന്‍ താരം ഡിക്‌വെല്ലയും ക്യാപ്റ്റൻ സഹാൻ ആരാച്ചികെയും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.
സൂപ്പര്‍ ഓവറില്‍ നാലാം പന്തിലാണ് വൈഭവിന് സട്രൈക്ക് ലഭിച്ചത്. ഈ സമയം ഇന്ത്യയ്ക്ക് ജയിക്കാന്‍ മൂന്നു പന്തില്‍ 14 റണ്‍സ് വേണണമായിരുന്നു. നേരിട്ട ആദ്യ പന്തില്‍ രണ്ടു റണ്‍സെടുത്ത വൈഭവ് തൊട്ടടുത്ത പന്ത് ബൗണ്ടറി നേടി. അവസാന പന്തിലെ യോര്‍ക്കറില്‍ വൈഭവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
അതേസമയം, മത്സരം സൂപ്പര്‍ ഓപ്പറിലേക്ക് എത്തിയതിനെ ചൊല്ലിയും തര്‍ക്കങ്ങളുണ്ടായി. അവസാന പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സ്. അർഷാദ് ഖാൻ എറിഞ്ഞ പന്ത് ചാമിക ഗുണശേഖരയുടെ പാഡിൽ തട്ടി ലെഗ് ബൈ ആയി. ഒരു റണ്‍സ് ഓടിയെടുത്തെങ്കിലും ശ്രീലങ്കന്‍ താരം റൺ ഔട്ടായതോടെ മത്സരം സമനിലയിലായി. ബാറ്റ്സ്മാൻ ഷോട്ടിന് ശ്രമിച്ചില്ലെന്നതിനാല്‍ റൺ അനുവദിക്കരുതെന്നാണ് ഇന്ത്യൻ താരങ്ങൾ വാദിച്ചത്. എന്നാല്‍ അംപയര്‍ റണ്‍ അനുവദിക്കുകയും മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയുമായിരുന്നു.