Image: Social Media, Vaibhav Suryavanshi
സൂര്യവംശി കുടുംബം ക്രിക്കറ്റ് കുടുംബമാണെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്ലിലുള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് നടത്തിയ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയുടെ ആരാധകരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ അതുക്കുംമേലെ എന്ന തലക്കെട്ടിന് അര്‍ഹനായേക്കാവുന്ന മറ്റൊരാള്‍ കൂടി വാര്‍ത്തയാവുകയാണ്. വൈഭവിന്റെ സഹോദരന്‍ ആശിര്‍വാദിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം തന്നെയിട്ട പോസ്റ്റാണ് സംഗതി പുറത്തെത്തിച്ചത്. ബിഹാറിലെ സമസ്തിപുരില്‍ നടന്ന പ്രദേശിക മത്സരത്തിനിടെ 87 ബോളില്‍ 103 റണ്‍സ് നേടിയതോടെയാണ് ആശിര്‍വാദിനെ ക്രിക്കറ്റ് പ്രേമികള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. ക്രിക്കറ്റ് അക്കാദമി താജ്പുരിന് വേണ്ടിയാണ് 20 ഫോറുകളും ഒരു സിക്സുമുള്‍പ്പെടെ ആശിര്‍വാദ് 103 എന്ന് എണ്ണിയെടുത്തത്. 118.39 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ആശിർവാദിന്റെ ബാറ്റിങ്.
തകര്‍പ്പന്‍ സെഞ്ചുറിക്ക് ശേഷം ആശിര്‍വാദിനെ അഭിനന്ദിച്ച് വൈഭവ് സൂര്യവംശി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. മത്സരത്തിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ‘അഭിനന്ദനങ്ങള്‍ ആശിര്‍വാദ്’ എന്നായിരുന്നു വൈഭവിന്റെ പോസ്റ്റ്. ഇതോടെയാണ് താജ്പുര്‍ താരം വാര്‍ത്താ തലക്കെട്ടിലും ഇടംപിടിച്ചത്.
ഇക്കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ 16 മത്സരങ്ങളിൽ നിന്നായി 776 റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശിക്ക് ഈയിടെ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ചിരുന്നു. സായി സുദർശൻ, ശുഭ്മൻ ഗിൽ, വിരാട് കോലി എന്നീ മുന്‍നിര താരങ്ങളെ പിന്നിലാക്കിയാണ് കുട്ടിക്രിക്കറ്റര്‍ ഓറഞ്ച്ക്യാപ് എന്ന നേട്ടം കൈവരിച്ചത്.
വൈഭവിന് ഇന്ത്യൻ ടീമിലേക്കുള്ള പ്രഖ്യാപനം വന്നതോടെ താജ്‌പൂർ ഗ്രാമം ആഘോഷത്തിലായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഈ നേട്ടം ആഘോഷിച്ചതും വാര്‍ത്തയായിരുന്നു. കുട്ടിക്കാലം മുതൽ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യത്തോടെ മകന്‍ നടത്തിയ കഠിനാധ്വാനത്തിനുള്ള ഫലമാണിതെന്നായിരുന്നു വൈഭവിന്റെ പിതാവിന്റെ പ്രതികരണം.