Image: Facebook,Bineesh Bastin
പിറന്നാളാശംസ നല്‍കിയ സുഹൃത്തിനോട് ‘കടം മേടിച്ച പൈസ തരൂ’വെന്ന് പറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് സുഹൃത്ത് അനസ് പാണാവള്ളിയുടെ മറുപടി. 30,000 രൂപയാണ് താന്‍ ബിനീഷില്‍ നിന്നും കടം വാങ്ങിയിരുന്നതെന്നും ഇനിവെറും 5,000 രൂപ മാത്രമേ നല്‍കാനുള്ളൂവെന്നും അനസ് പാണാവള്ളി പറയുന്നു. എനിക്കും എന്‍റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദി ബിനീഷ് ബാസ്റ്റിന്‍ മാത്രമായിരിക്കുമെന്നും അനസ് വിഡിയോക്കൊപ്പം നല്‍കിയ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍ അനസ് പാണാവള്ളിയെക്കുറിച്ചുള്ള പോസ്റ്റ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ബിനീഷിന് പിറന്നാളാശംസ പറഞ്ഞ് അനസിട്ട പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ബിനീഷ് പോസ്റ്റ് പങ്കുവച്ചത്. ‘ഈ ബന്ധത്തിന്‍റെ വില തിരിച്ചറിയുന്ന ഒരു സമയം വരും, എന്‍റെ പ്രിയപ്പെട്ട സഹോദരന്‍ ബിനീഷ് ബാസ്റ്റിന് ഒരായിരം പിറന്നാളാശംസകള്‍ എന്നായിരുന്നു അനസ് പാണാവള്ളിയുടെ ആശംസാപോസ്റ്റ്. ബാക്കി തരാനുള്ള പൈസ തന്ന് തീര്‍ത്തിട്ടുമതി സൗഹൃദം പുതുക്കല്‍ എന്നായിരുന്നു ബിനീഷ് അനസിസ് പോസ്റ്റിലൂടെ നല്‍കിയ മറുപടി.
‘ബർത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്‍റെ കയ്യിൽ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോ എന്ന്. പിന്നീട് എന്‍റെ കല്യാണ ആവശ്യങ്ങൾക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാൻ മടുത്തു. അതിനു ശേഷം 90% പൈസ തന്നു. ഞാൻ സുഹൃത്ത് എന്ന നിലയിൽ സഹായിച്ചതാണ്, ഞാൻ പലിശയ്ക്ക് കൊടുത്ത പൈസ അല്ല, ലോട്ടറി അടിച്ചാൽ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആൾക്കാരാണ് നമ്മുടെ ഇടയിൽ ഉള്ളത്, ഇനിയും എന്‍റെ കാശ് തരാനുണ്ട്, ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്, നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാൻ കാരണം, ആദ്യം ബാക്കി തരാൻ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം’– ഇതായിരുന്നു പോസ്റ്റില്‍ ബിനീഷ് പങ്കുവച്ച വാക്കുകള്‍
അതേസമയം 90 ശതമാനം പണവും തിരിച്ചുകിട്ടിയ സ്ഥിതിക്ക് ഈ പോസ്റ്റ് അനുചിതമായിപ്പോയി എന്ന രീതിയില്‍ ഒട്ടേറെപ്പേര്‍ ബിനീഷിന്‍റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിന്റെ പോസ്റ്റിനു മറുപടിയായി അനസ് പാണാവള്ളി സോഷ്യല്‍മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. താനേറെ വേദനയോടെയാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്നും ബിനീഷിന്‍റെ പോസ്റ്റോടു കൂടി തനിക്കും കുടുംബത്തിനും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായെന്നും അനസ് വിഡിയോയില്‍ പറയുന്നു.
‘ഞാന്‍ വളരെ പ്രയാസപ്പെട്ടും സങ്കടം സഹിക്കവയ്യാതെയുമാണ് ഈ വിഡിയോ പങ്കുവക്കുന്നത്, രണ്ട് പെണ്‍മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബമാണ് എന്‍റേത്, ഉപജീവനത്തിന് കുടുംബത്തിന്‍റെ ഏക ആശ്രയം എന്‍റെ ഓട്ടോറിക്ഷയാണ്. പ്രിയപ്പെട്ട സഹോദരന്‍ ബിനീഷ് ബാസ്റ്റിന്‍റെ പോസ്റ്റ് ആളുകള്‍ക്കിടെയില്‍ വലിയ തെറ്റിദ്ധാരണയാണുണ്ടാക്കിയത്. 17ഉം 15ഉം വയസുള്ള പെണ്‍മക്കളുടെ പിതാവാണ് താന്‍, ബിനീഷിന്‍റെ പോസ്റ്റുകണ്ട് പല ഭാഗത്തുനിന്നും ആളുകള്‍ വിളിച്ചു, എന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് ബിനീഷിന്‍റെ വാക്കുകള്‍. ആറേഴു വര്‍ഷമായി ഞങ്ങള്‍ക്കിടയില്‍ അടുത്ത സൗഹൃദവും, സ്നേഹവുമുണ്ടായിരുന്നു, ജീവകാരുണ്യം നടത്തിയതിലൂടെയും വ്യക്തിപരമായും എനിക്കുള്ള ആകെ കടം ആറു ലക്ഷം രൂപയാണ്’– അനസ് പാണാവള്ളി പറയുന്നു
‘ബിനീഷ് പറഞ്ഞ പോസ്റ്റിലെ സത്യാവസ്ഥ പറയാനാണ് താന്‍ വന്നത്. 2025 ഓഗസ്റ്റ് 16ന് അദ്ദേഹത്തില്‍ നിന്നും 30,000 രൂപ ഞാന്‍ വാങ്ങി, മൂന്നുമാസത്തെ സാവകാശം ചോദിച്ചു, മൂന്നുമാസമായിട്ടും പണം തിരിച്ചു കൊടുക്കാന്‍ പറ്റിയില്ല, വീണ്ടും രണ്ടുമാസത്തെ സാവകാശം ചോദിച്ചു, ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് വിളിച്ച് തന്‍റെ ഓട്ടോ അവിടെ കൊണ്ടിടാനായി ബിനീഷ് ആവശ്യപ്പെട്ടു. ഓട്ടോ എന്‍റെ ജീവിതമാര്‍ഗമായിരുന്നു. പിന്നീട് 25,000 രൂപ താന്‍ തിരിച്ചു നല്‍കി, ഇനി കൊടുക്കാനുള്ളത് 5000 രൂപയാണ്. എന്നാല്‍ പത്തിരുപത് ലക്ഷം കൊടുക്കാനുണ്ടെന്ന രീതിയിലാണ് ബിനീഷ് സംസാരിക്കുന്നത്.
ബിനീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതോടെ എന്റെ കുഞ്ഞുങ്ങള്‍ക്കും എനിക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ലക്ഷങ്ങളൊന്നും കൊടുക്കാനില്ല, ബിനീഷ് എന്ന വ്യക്തിയെ കഴിഞ്ഞ 7 വര്‍ഷമായി എനിക്ക് അറിയാം. എന്‍റെ ചാരിറ്റി ഞാന്‍ തുടരും, താന്‍ വാങ്ങിയ കടങ്ങളെല്ലാം എല്ലാവര്‍ക്കും തിരിച്ചുകൊടുക്കും– അനസ് വിഡിയോയില്‍ പറയുന്നു.