Image: Facebook, M Vijin, P Jayarajan
മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമെന്ന് പറഞ്ഞ് പോസ്റ്റിട്ട പി.ജയരാജനെതിരെ വിമര്‍ശനം കടുക്കുന്നു. ഇടതുപക്ഷ ലേബലിലെ പ്രചാരണം, ഇടത് രാഷ്ട്രീയമല്ലെന്നും മഹാനടനെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും ജയരാജന്‍ പോസ്റ്റില്‍ പറയുന്നു. മമ്മൂട്ടി പാര്‍ട്ടികളുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന ആളല്ലെന്നും അജന്‍ഡ തിരിച്ചറിയണമെന്നും FB പോസ്റ്റില്‍ ജയരാജന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പി.ജയരാജന്റെ പോസ്റ്റിനെതിരേയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എംഎല്‍എ എം. വിജിന്‍ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ‘50 വർഷത്തെ പരിചയമുള്ള 25 വയസ്സുകാരൻ’ എന്ന അടിക്കുറിപ്പോടെയാണ് വിജിൻ ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ നേതാവിനെ അപമാനിച്ച നടനൊപ്പം ഫോട്ടോയെടുത്തതിനെതിരെ അണികള്‍ തന്നെ വിജിനെതിരെ കമന്റുകളുമായി രംഗത്തെത്തിയിരുന്നു.
Also Read: പിഞ്ചുമക്കളെ മുക്കിക്കൊന്ന സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്; അമ്മയുടെ ആൺസുഹൃത്തും കസ്റ്റഡിയിൽ
വയനാട്ടിലെ ദുരന്തബാധിതർക്കായി നിർമിച്ച വീടുകൾ സന്ദർശിച്ച മമ്മൂട്ടി, സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അൽപ്പം അകലം പാലിക്കാൻ ആവശ്യപ്പെടുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവം ചൂണ്ടിക്കാണിച്ചാണ് അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അണികളെ തള്ളിപ്പറയാന്‍ ഒരു നേതാവും വരേണ്ടെന്നും തങ്ങളുടെ സഖാവിനെ തള്ളിപ്പറഞ്ഞ മഹാനടനോട് ഒരു ലോഡ് പുച്ഛം മാത്രമാണെന്നും പി.ജയരാജന്റെ പോസ്റ്റിനു താഴെ കമന്റുകളുണ്ട്. സഖാവിനോട് കടുത്ത ഭാഷയില്‍ തന്നെ വിയോജിക്കുന്നുവെന്നും പാര്‍ട്ടിയെ വീണ്ടും പിന്നോട്ട് കൊണ്ടുപോവാനേ ഇതുകൊണ്ടൊക്കെ സാധിക്കുള്ളൂവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയെ പരസ്യമായി അപമാനിച്ചാൽ അത് മമ്മൂട്ടി അല്ല ആരായാലും പാർട്ടി അനുഭാവികൾ പ്രതികരിക്കുമെന്നും പി.ജയരാജനെ ഓര്‍മിപ്പിക്കുന്നുണ്ട് ചിലര്‍.
പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്.
തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്. മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്.
ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്. കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം- എന്നു പറഞ്ഞാണ് പി.ജയരാജന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.