മമ്മൂട്ടി– ധനുഷ് ചിത്രം 'ഓം ചാപ്റ്റര്‍ വണ്‍ ഉധിര'ത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രാജ്​കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതുവരെ പുറത്തുവന്ന ടീസറും സായ് അഭ്യങ്കറിന്‍റെ പാട്ടുകളുമെല്ലാം ചിത്രത്തിന്‍റെ ഹൈപ്പ് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. 

'നിത്യ റെഡ്ഡി ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് ഓമില്‍ സായ് പല്ലവി അവതരിപ്പിക്കുന്നത്. താരത്തിന്റെ കരിയറിലെ ആദ്യത്തെ പൊലീസ് വേഷമാണിത്. ചന്ദനക്കടത്ത് സംഘത്തിനെതിരെയുള്ള 'ഓപ്പറേഷൻ ഓം' എന്ന പ്രത്യേക അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐപിഎസ് ഉദ്യോഗസ്ഥയാണ് നിത്യ. സായിയുടെ കിടിലന്‍ ആക്ഷന്‍, മാസ് രംഗങ്ങളുള്‍പ്പെടുത്തിയാണ് ക്യാരക്ടര്‍ വിഡിയോ ഒരുക്കിയിരിക്കുന്നത്. ഈ വിഡിയോ പുറത്ത് വന്നതോടെ ഹൈപ്പ് കേറി കേറി ഇത് എങ്ങോട്ടാണ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സായ് പല്ലവി രാജ്‌കുമാറിനൊപ്പം തുടർച്ചയായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ധനുഷ്, മമ്മൂട്ടി എന്നിവർക്കൊപ്പം ശ്രീലീല, നസീറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ മമ്മൂട്ടി 'ബർമ കാർത്തികേയൻ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ഓം' റിലീസ് ചെയ്യും.

ENGLISH SUMMARY:

The makers of the upcoming multilingual film 'Om Chapter One: Udhiram' have released a high-voltage character video introducing Sai Pallavi as Nithya Reddy IPS. Directed by Rajkumar Periasamy, the movie features Sai Pallavi in her career-first police role leading a high-stakes special operation against red sanders smuggling. The film stars Mammootty as 'Burma Karthikeyan' alongside Dhanush, Sreeleela, Naseeruddin Shah, and Indrans. Following massive anticipation built by earlier teasers and Sai Abhyankkar's music, the action-packed promo has sent fan expectations soaring ahead of the worldwide theatrical release on November 20.