നിതീഷ് തിവാരിയുടെ രാമായണ റിലീസിന് ഒരുങ്ങുകയാണ്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമാനാവുമ്പോള് സായ് പല്ലവി സിതയേയും യഷ് രാവണനേയും അവതരിപ്പിക്കുന്നു. ചിത്രവുമായി സംവിധായകന് ആദ്യം സമീപിച്ചപ്പോള്‍ ശ്രീരാമന്റെ വേഷം ചെയ്യാൻ തനിക്ക് ആദ്യം ഭയമായിരുന്നു എന്ന് തുറന്നുപറയുകയാണ് രൺബീർ കപൂർ.
Image credit: Screengrab from youtube/tseries
ഈ കഥാപാത്രം തന്നെ ഒരു നല്ല മനുഷ്യനാകാൻ സഹായിച്ചു എന്നും താരം വെളിപ്പെടുത്തി. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന 'കൗൺ ബനേഗാ ക്രോർപതി 18' ഷോയിൽ സഹതാരങ്ങളായ സായ് പല്ലവി, രവി ദുബെ എന്നിവർക്കൊപ്പം പങ്കെടുത്തപ്പോഴാണ് രൺബീർ തന്റെ അനുഭവം പങ്കുവെച്ചത്.
കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ശ്രീരാമനെപ്പോലെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ യോഗ്യനാണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് രൺബീർ പറഞ്ഞു. 'ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇതൊരു സാധാരണ സിനിമാ വേഷമായി കാണാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന പേടി പിന്നീട് വലിയൊരു ഭാഗ്യമായി തോന്നി. ഇതൊരു കനത്ത ഭാരമായി കാണുന്നതിന് പകരം, ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള വലിയൊരു അവസരമായാണ് ഞാന്‍ കണ്ടത്,' രണ്‍ബീര്‍ പറഞ്ഞു.
മകൾ റാഹ ജനിച്ച അതേ സമയത്താണ് ഈ വേഷവും തന്നെ തേടിയെത്തിയത് എന്ന് രൺബീർ ഓർത്തു. ഒരു അച്ഛനായത് ശ്രീരാമന്റെ കുടുംബമൂല്യങ്ങളെയും ആദർശങ്ങളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്നും, ഇതൊരു ദൈവാനുഗ്രഹമായി കരുതുന്നുവെന്നും താരം കൂട്ടിച്ചേർത്തു.