നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും ഇൻസ്റ്റഗ്രാം ഫോളോവറായ ‘ഫ്ലേവേഴ്സ് ബൈ നീലം’ എന്ന പേജിന്റെ ഉടമയും തമ്മിലുള്ള സോഷ്യൽ മീഡിയ വാക്പോര് ചർച്ചയാകുന്നു. സഹോദരി ദിയ കൃഷ്ണയുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കുടുംബത്തിന്റെ വിശേഷങ്ങളും ചൂണ്ടിക്കാട്ടി ഫോളോവർ ഉന്നയിച്ച ചോദ്യത്തിന് അഹാന നൽകിയ പരിഹാസമറുപടിയും അതിന് ഫോളോവർ നൽകിയ തിരിച്ചടിയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലപാടുകളിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ‘ഫ്ലേവേഴ്സ് ബൈ നീലം’ എന്ന പേജിലൂടെ അഹാനയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. ‘ദിയ കേരളത്തിലെ ഒരു പ്രത്യേക മതവിഭാഗത്തെ എതിർക്കുന്നുണ്ടെങ്കിൽ, ദുൽഖർ സൽമാനോടും പ്രശ്നമുണ്ടാകേണ്ടതല്ലേ? അതാണ് ആളുകൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ച വിഷയം’ എന്നായിരുന്നു ഫോളോവറുടെ ചോദ്യം. ഇതിന് അഹാന പരിഹാസരൂപേണ മറുപടി നൽകി. ‘ഫ്ലേവേഴ്സ് ബൈ നീലം, ബേക്കിങ്ങിൽ മാത്രം ശ്രദ്ധിക്കൂ. വിവേകത്തോടെ അഭിപ്രായങ്ങൾ പറയുന്നതിനേക്കാൾ നന്നായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ആ ജോലിയാണെന്ന് തോന്നുന്നു’ എന്നായിരുന്നു അഹാനയുടെ പ്രതികരണം.
അഹാനയുടെ പരിഹാസത്തിന് ഫോളോവർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘അഹാന, കുറഞ്ഞപക്ഷം നിങ്ങൾക്ക് എന്നോട് ബേക്കിങ്ങിൽ ശ്രദ്ധിക്കാൻ പറയാമല്ലോ. എന്നാൽ എനിക്ക് നിങ്ങളോട് എന്താണ് പറയാൻ കഴിയുക? അഭിനയത്തിൽ ശ്രദ്ധിക്കാൻ പറയാൻ പറ്റുമോ? തീർച്ചയായും ഇല്ല. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും, കഴിക്കുന്ന ഭക്ഷണവും ചെയ്യുന്ന മേക്കപ്പുമെല്ലാം പോസ്റ്റ് ചെയ്യുന്നത് തുടരുന്നതായിരിക്കും നിങ്ങൾക്ക് കൂടുതൽ നല്ലത്. കാരണം, അർഥവത്തായ ഒരു പോസ്റ്റ് ഇടുന്നതിനേക്കാൾ നന്നായി ഇത്തരം കാര്യങ്ങളാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്’ എന്നായിരുന്നു നീലത്തിന്റെ മറുപടി.
ഗൗരവമുള്ള വിഷയത്തിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനുപകരം വ്യക്തിപരമായ പരിഹാസമാണ് അഹാന നടത്തിയതെന്ന വിമർശനവും ഫോളോവറുടെ മറുപടിക്ക് പിന്തുണയുമായി എത്തുന്ന പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.