പതിനഞ്ചാം വയസില്‍ ഇന്ത്യയുടെ ട്വന്‍റി 20 ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് 15കാരനായ വൈഭവ് സൂര്യവംശി. ജൂണില്‍ ഇന്ത്യയ്ക്കായി ഇറങ്ങുന്നതോടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് മറികടക്കുക. 16 വയസ്സും 207 ദിവസവും പ്രായമുള്ളപ്പോളാണ് സച്ചിന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈഭവിനാകട്ടെ 15 വയസും 71 ദിവസവുമാണിപ്പോള്‍ പ്രായം. ഇതോടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാൻ വൈഭവിന് കഴിയും.

എന്തായാലും ഇന്ത്യയുടെ ട്വന്‍റി 20 ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ വൈഭവിനൊപ്പം കുടുംബത്തെയും പര്യടനത്തില്‍ ഒപ്പം വരാന്‍ ക്ഷണിച്ചിരിക്കുകയാണ് ബിസിസിഐ. ഇന്ത്യയുടെ ശ്രീലങ്ക, യുകെ പര്യടനങ്ങളിൽ വൈഭവ് സൂര്യവംശിക്കൊപ്പം സഞ്ചരിക്കാൻ വൈഭവിന്റെ മാതാപിതാക്കളോട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്. കരിയറിൽ ആദ്യമായി മുതിർന്നവര്‍ക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനിറങ്ങുന്ന  വൈഭവിനായി ബിസിസിഐ പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

സാധാരണയായി കളിക്കാരുടെ മാതാപിതാക്കള്‍ക്ക് അവരോടൊപ്പം ടൂറുകളിൽ അനുഗമിക്കാന്‍ ബോർഡ് അനുവദിക്കാറില്ലെങ്കിലും ദേശീയ ടീമില്‍ ഇടം നേടിയ വൈഭവിനും കുടുംബത്തിനും പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്നാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്. ‘ഇന്ത്യ എ ടീമിലെ സീനിയർ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് പോകാൻ വൈഭവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അവൻ ഒരു ചെറിയ കുട്ടിയാണ്. ഇപ്പോഴും പ്രായപൂർത്തിയായിട്ടില്ല. പുരുഷ ടീമിനൊപ്പം യാത്ര ചെയ്യുമ്പോൾ, എല്ലാവരും മുതിർന്നവരാണ്, അതിനാൽ, അവന്റെ മാതാപിതാക്കളോ കുടുംബത്തിലെ മറ്റാരെങ്കിലുമോ അവനോടൊപ്പം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുവന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു’ സൈകിയ പറഞ്ഞു.

‘ഇതിനായി വൈഭവിന്‍റെ മാതാപിതാക്കളോട് അഭ്യർത്ഥിക്കും. വരാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കും വരാം. വൈഭവിന്‍റെ അച്ഛൻ നാളെ ശ്രീലങ്കയിലേക്ക് പോകുന്നുണ്ട്. അതിനുശേഷം, അവന്റെ മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്കും വരാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ഒരു കുട്ടിയായതിനാൽ ബിസിസിഐ അതിനെ പിന്തുണയ്ക്കും. സീനിയർ കളിക്കാരുമായി ഇണങ്ങാൻ അവന് കുറച്ച് സമയം ആവശ്യമാണ്. അതിനാല്‍ കുടുംബം കൂടെയുണ്ടാകുന്നത് ഞങ്ങള്‍ക്കും ആശ്വാസമാണ്. അവന് 15 വയസ്സേയുള്ളൂ, അവന്‍ കംഫര്‍ട്ടബിളാകണം’– അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഐപിഎലിലെ മിന്നും പ്രകടനമാണ് ട്വന്‍റി 20യില്‍ നീലക്കുപ്പായം വൈഭവിനെ തേടിയെത്താന്‍ കാരണം. ഐപിഎലില്‍ 16 ഇന്നിങ്സുകളില്‍ നിന്നായി 776 റണ്‍സായിരുന്നു വൈഭവ് നേടിയത്. 72 സിക്സുകള്‍ ഉള്‍പ്പടെയായിരുന്നു ഇത്. ഓറഞ്ച് ക്യാപ്പ്, എമേര്‍ജിങ് പ്ലേയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍, ടൂര്‍ണമെന്‍റിന്‍റെ താരം, ഏറ്റവുമധികം സിക്സുകള്‍ ഇതെല്ലാമായാണ് താരം സീസണ്‍ അവസാനിപ്പിച്ചത്.

ENGLISH SUMMARY:

In an unprecedented move, the BCCI has officially requested the parents of fifteen-year-old prodigy Vaibhav Suryavanshi to accompany him on India’s upcoming tours of Sri Lanka and the United Kingdom. BCCI Secretary Devajit Saikia confirmed that since Suryavanshi is still a minor traveling with a senior men's squad, having family support is essential for his dynamic emotional comfort. This special structural arrangement will allow his father to travel to Sri Lanka immediately, with subsequent board backing cleared for their UK transit. By making his international debut this June, the young prodigy will break Sachin Tendulkar's long-standing record to become India's youngest-ever international cricketer. This national call-up directly follows his sensational IPL campaign where he structurally dominated elite bowlers to accumulate 776 runs and smash 72 sixes.