Image Credit: PTI
ഉത്തേജക പരിശോധന മുടക്കിയതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്സ്വാളിനും ഷെഫാലി വര്‍മയ്ക്കും നാഡയുടെ നോട്ടിസ്. ഇരുവരും നാഡയുടെ റജിസ്ട്രേഡ് ടെസ്റ്റിങ് പൂളിലുള്‍പ്പെട്ടവരാണ്. ഈ വിഭാഗത്തിലുള്ള അത്ലീറ്റുകള് നിര്‍ബന്ധമായും പരിശോധനയ്ക്കായി തങ്ങള്‍ ഉള്ള സ്ഥലവും സൗകര്യപ്രദമായ ഏതെങ്കിലും ഒരു മണിക്കൂര്‍ സമയവും നാഡയെ അറിയിച്ചിരിക്കണമെന്നാണ് ചട്ടം.
2025 നവംബര്‍ ഏഴിന് മുന്‍നിശ്ചയിച്ചത് പ്രകാരം സാംപിളെടുക്കാന്‍ ഡോപ് കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ ഷെഫാലിയുണ്ടാകുമെന്ന് പറഞ്ഞ സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും കാണാനോ സാംപിളെടുക്കാനോ കഴിഞ്ഞില്ല. 2025 ഡിസംബര്‍ 17ന് നിശ്ചയിച്ചിരുന്ന ടെസ്റ്റിന് യശസ്വിയും എത്തിയില്ല. ഫെബ്രുവരി 2026 ല്‍ ഇക്കാര്യത്തില്‍ നാഡ ഇരുവരോടും വിശദീകരണം തേടി. എന്നാല്‍ മറുപടി നല്‍കാന്‍ താരങ്ങള്‍ കൂട്ടാക്കിയില്ലെന്നാണ് പിടിഐ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ പരിശോധന മുടക്കിയതായി നാഡ ഔദ്യോഗികമായി രേഖപ്പെടുത്തി.
ഷെഫാലിയും യശസ്വിയും ഉത്തേജക പരിശോധന മുടക്കിയ വിവരം ബിസിസിഐയെയും ഐസിസിയെയും നാഡ ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. പരിശോധനയ്ക്കെത്താതിരുന്നതില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിലവില്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം.
ഉത്തേജക വിരുദ്ധ ചട്ടമനുസരിച്ച് പരിശോധന ആവര്‍ത്തിച്ച് മുടക്കിയാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. ഒരു വര്‍ഷത്തിനിടെ മൂന്ന് പ്രാവശ്യം വീഴ്ച വരുത്തിയാല്‍ ഉത്തേജക വിരുദ്ധ നിയമത്തിന്‍റെ ലംഘനമായി കണക്കാക്കും. അങ്ങനെ വന്നാല്‍ നിരപരാധിയെന്ന് തെളിയിക്കുന്നതില്‍ അത്ലീറ്റ് പരാജയപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ സസ്പെന്‍ഷന്‍ ലഭിക്കാം. എന്നാല്‍ ഇത് യശസ്വിയുടെയും ഷെഫാലിയുടെയും ആദ്യത്തെ പിഴവായതിനാല്‍ ഗുരുതരമായ നടപടികള്‍ ഉണ്ടായേക്കില്ല.
2019 ല്‍ അവിചാരിതമായി ഉത്തേജകമടങ്ങിയ ചുമ സിറപ്പ് കഴിച്ചത് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പൃഥ്വി ഷായെ എട്ടുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. നിരോധിത വസ്തുവായ ടെര്‍ബുടാലൈനാണ് പൃഥ്വി ഷായുടെ രക്തത്തിലും മൂത്ര സാംപിളിലും കണ്ടെത്തിയത്. സഈദ് മുഷ്താഖ് അലി ട്വന്‍റി 20യ്ക്കിടെയായിരുന്നു ഇത്.