Screengrab Cerdit: x/mipaltan

Screengrab Cerdit: x/mipaltan

രോഹിത് ശര്‍മയ്ക്കൊപ്പം ഒരു സെല്‍ഫി സ്വപ്നമല്ലാത്ത ക്രിക്കറ്റ് ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ സെല്‍ഫിക്ക് രോഹിതിന് മുന്നിലെത്തുമ്പോള്‍ ഫോണ്‍ ബാറ്ററി തീര്‍ന്ന് ഓഫായി പോയാലോ? ഇതില്‍പരം ദുരന്തം വേറെയുണ്ടാകാന്‍ ഇടയില്ല. റായ്പുരില്‍ ആര്‍സിബിക്കെതിരായ മല്‍സരത്തിന് മുന്നോടിയായി പരിശീലനത്തിനെത്തിയപ്പോളാണ് അത്തരമൊരു സംഭവമുണ്ടായത്. മുംബൈ ഇന്ത്യന്‍സാണ് എക്സില്‍ വിഡിയോ പങ്കുവച്ചത്.

രോഹിതിനെ കണ്ട സന്തോഷത്തില്‍ യുവതി ഓടിയെത്തുന്നതും ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ക്യാമറ ഓണാക്കിയതും ബാറ്ററി തീര്‍ന്ന് ഫോണ്‍ ഓഫായി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന രോഹിത് പിന്നാലെ വന്ന കുട്ടിക്കൊപ്പം ചിത്രമെടുത്തു. ചുറ്റും നിന്നവരോട് യുവതി ഫോണ്‍ ചോദിക്കുന്ന നേരത്ത് താരം ടീം ബസിലേക്ക് കയറാന്‍ പോകുകയും ചെയ്തു. പിന്നാലെ പാഞ്ഞെത്തി വിളിച്ച യുവതിയോട് ' ‍ഞാന്‍ എന്ത് ചെയ്യാനാണെന്നായിരുന്നു' താരത്തിന്‍റെ ചോദ്യം.  പെട്ടെന്ന് ആരോ കൈമാറിയ ഫോണുമായി യുവതി എത്തുകയും വീണ്ടും ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ' ഒന്ന് വേഗം എടുക്കാമോ' എന്നായിരുന്നു ആകെ അസ്വസ്ഥനായി രോഹിതിന്‍റെ മറുപടി. ക്ഷമിക്കണമെന്ന് തുടരെത്തുടരെ യുവതി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. സെല്‍ഫി കിട്ടിയതും സന്തോഷവതിയായി അവര്‍ പോകുകയും ചെയ്തു.

ഹാംസ്ട്രിങ് മസിലുകള്‍ക്ക് പരുക്കേറ്റ രോഹിതിന് സീസണിലെ അഞ്ച് മല്‍സരങ്ങളാണ് ഇതിനകം നഷ്ടമായത്. എല്‍എസ്ജിക്കെതിരെ വാങ്കഡെയില്‍ നടന്ന കളിയിലാണ് താരം മടങ്ങി വന്നത്. 44  പന്തില്‍ നിന്ന്  ആറ് ഫോറും ഏഴ് സിക്സുമടക്കം 84 റണ്‍സും താരം നേടി. കളിയില്‍ 10 പന്ത് ബാക്കി നില്‍ക്കെ മുംബൈ ജയം കാണുകയും ചെയ്തു. 

മോശം സീസണായിരുന്നു മുംബൈയ്ക്ക് ഇക്കുറി. പ്ലേ ഓഫിന് ഏറെക്കുറെ പുറത്തുമാണ്. ശേഷിക്കുന്ന എല്ലാ മല്‍സരങ്ങളും ജയിച്ചാലും മുംബൈയ്ക്ക്14  പോയിന്‍റേ നേടാന്‍ കഴിയൂ.  നാളെ ആര്‍സിബിക്കെതിരായാണ് മുംബൈയുടെ മല്‍സരം.

 

ENGLISH SUMMARY:

A video of Rohit Sharma’s interaction with a female fan in Raipur has gone viral after her phone ran out of battery just as she was about to take a selfie. The Indian captain, initially confused by the delay, asked "What can I do?" as he headed toward the team bus, but eventually waited for her to borrow another phone. Although visibly a bit impatient, asking her to "take it quickly," Rohit ultimately obliged and made the fan’s day. On the field, Rohit recently made a stunning comeback from a hamstring injury, smashing 84 runs off 44 balls against LSG at Wankhede. Despite his individual brilliance, Mumbai Indians face a tough road ahead, nearly out of the playoff race as they prepare to face RCB tomorrow.