36 പന്തില്‍ സെഞ്ചറി നേടി വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് 15 കാരനായ വൈഭവ് സൂര്യവംശി. 12 സിക്സറും അഞ്ച് ഫോറും അടക്കമാണ് വൈഭവ് സെഞ്ചറി നേടിയത്. ഐപിഎല്ലിലെ പ്രകടനത്തിന്‍റെ മികവില്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ട്വന്‍റി 20 ടീമിലേക്ക് പരിഗണിക്കണമെന്നാണ് ക്രിക്കറ്റ് ലോകത്തു നിന്നുള്ള പൊതുവിലെ അഭിപ്രായം. ഐപിഎല്ലിന് ശേഷം വരുന്ന അയര്‍ലാന്‍ഡ്, സിംബാബ്‍വെ പര്യടനങ്ങളില്‍ വൈഭവിനെ പരിഗണിക്കാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ഇതിനോട് എതിരഭിപ്രായം പങ്കിടുകയാണ് മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വൈറ്റ്. ബ്രയന്‍ ലാറയ്ക്ക് നല്‍കിയ പരിഗണനയാണ് ഇന്ത്യന്‍ ടീം വൈഭവിന് നല്‍കേണ്ടതെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അരങ്ങേറ്റത്തിന് മുന്‍പ് സീനിയര്‍ ടീമിലെ അന്തരീക്ഷത്തെ കുറിച്ച് വൈഭവിനെ ബോധവാനാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'വൈഭവ് ക്ഷമിക്കണം, ലാറയെ എങ്ങനെയാണ് വെസ്റ്റ്ഇന്‍ഡീസ് കൈകാര്യം ചെയതതെന്ന് നോക്കാം. അദ്ദേഹം പ്രതിഭയാണെന്ന് എല്ലാവര്‍ക്കും അറിയമായിരുന്നു. രാജ്യാന്തര മത്സരം കളിക്കുന്നതിന് പകരം അദ്ദേഹത്തെ വിവിയന്‍ റിച്ചാര്‍ഡ്സ് പോലുള്ള താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിച്ചു. കാര്യങ്ങളെ പറ്റി അറിഞ്ഞ ശേഷമാണ് വെസ്റ്റ്ഇന്‍ഡീസിനായി അരങ്ങേറിയത്. അരങ്ങേറിയ ശേഷം അദ്ദേഹത്തിന്‍റെ കരിയര്‍ എന്തായിരുന്നു എന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം' എന്നാണ് ബ്രാത്‍വൈറ്റ് പറഞ്ഞത്.
വൈഭവിനെ വിരാട് കോലി, രോഹിത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം നിര്‍ത്തി അവരില്‍ നിന്നും പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വലിയ മത്സരങ്ങളുടെ സമ്മര്‍ദ്ദത്തിലേക്ക് ഇറങ്ങും മുന്‍പ് ഇത് നല്ലതായിരിക്കും എന്നാണ് ബ്രാത്‍വൈറ്റിന്‍റെ അഭിപ്രായം.