Mumbai: Chennai Super Kings' MS Dhoni during a practice session ahead of the Indian Premier League (IPL) 2026 T20 cricket match between Mumbai Indians and Chennai Super Kings, in Mumbai, Wednesday, April 22, 2026. (PTI Photo/Kunal Patil) (PTI04_22_2026_000329A)
ചെന്നൈക്കായി തല ധോണി ഇറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും താരം ഇറങ്ങിയില്ല. ഇതോടെ ആരാധകരും നിരാശരായി. ധോണി കളിക്കാനിറങ്ങാത്തത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. എന്നാലിതാ ഫിറ്റാണെങ്കിലും താന്‍ ഇറങ്ങുന്നില്ലെന്ന് ധോണി സ്വയം തീരുമാനിച്ചതാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടീം കോമ്പിനേഷന്‍ തകര്‍ക്കാതിരിക്കാന്‍ ഗുജറാത്തിനെതിരെ കളിക്കുന്നില്ലെന്ന് താരം അറിയിച്ചുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് സീസണിലെ ഒരു മല്‍സരങ്ങള്‍ക്കും ധോണി ഇറങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ച പരിശീലനത്തിന് ഇറങ്ങിയതോടെയാണ് ഗുജറാത്തിനെതിരെ കളിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫിറ്റ്നസ് ടെസ്റ്റ് ധോണി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.മധ്യനിര പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ചെന്നൈയെ വലയ്ക്കുന്നുണ്ടെങ്കിലും എപ്പോള്‍ കളിക്കാന്‍ ഇറങ്ങണമെന്നത് ധോണിക്ക് സ്വയം തീരുമാനിക്കാമെന്നാണ് മാനേജ്മെന്‍റ് നിലപാട്.
ധോണി എപ്പോള്‍ മടങ്ങിവരുന്നോ അന്ന് വിക്കറ്റ് കീപ്പറായി തന്നെ മടങ്ങിയെത്തുമെന്നും അല്ലാതെ ഇംപാക്ട് സബ് ആയിട്ടാവില്ല ഇറങ്ങുകയെന്നും സിഎസ്കെ ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി പറഞ്ഞു. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജുവും കാര്‍ത്തികും ഉള്ളതിനാല്‍ ഇംപാക്ട് പ്ലെയര്‍ വഴി സ്പെഷലിസ്റ്റ് ബാറ്ററായാകും ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങളെയാണ് ഹസി തള്ളിയത്. ആരാധകരുടെ കാത്തിരിപ്പ് മനസിലാകുമെന്നും അടുത്ത മല്‍സരങ്ങളില്‍ താരം ഇറങ്ങുമെന്നും എത്രയും വേഗം ധോണിയെ മഞ്ഞക്കുപ്പായത്തില്‍ കാണാമെന്നാണ് പ്രതീക്ഷയെന്നും ഹസി പറഞ്ഞു.
ധോണി ടീമില്‍ ഇല്ലാത്തത് വലിയ വിടവാണെന്ന് മുംബൈക്കെതിരായ മല്‍സരത്തിന് മുന്‍പും സിഎസ്കെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്വാദ് തുറന്നുപറഞ്ഞിരുന്നു. വാങ്കഡെയില്‍ ചെന്നൈയ്ക്കായി ആര്‍ത്തുവിളിക്കാനെത്തിയ ആരാധകരോട് നന്ദിയുണ്ടെന്നും അതിന് കാരണക്കാരന്‍ ധോണിയാണെന്നും സിഎസ്കെ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു.