Image Credit: X/cricbuzz

ഐപിഎലില്‍ പുതുചരിത്രമെഴുതിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിക്ക് പരുക്കെന്ന് സൂചന. ഐപിഎലിലെ കന്നി സെഞ്ചറിക്ക് പിന്നാലെയാണ് പതിനഞ്ചുകാരനായ വൈഭവിന് പരുക്കേറ്റത്. ഗ്രൗണ്ടില്‍ നിന്ന് സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ സഹായത്തോടെ പുറത്തേക്ക് നീങ്ങുന്ന വൈഭവിന്‍റെ ചിത്രം അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 

സണ്‍റൈസേഴ്സിന്‍റെ ബാറ്റിങിന്‍റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ആര്‍ച്ചറുടെ പന്ത് കവറിലൂടെ ഇഷാന്‍ കിഷന്‍ പറത്തി. പന്ത് ലക്ഷ്യമാക്കി ഓടിയ സൂര്യവംശിക്ക് പക്ഷേ ബൗണ്ടറി തടയാനായില്ല. ഹാംസ്ട്രിങ് മസിലുകള്‍ വലിച്ച് പിടിച്ചത് പോലെ ഓട്ടത്തിന് വേഗം കുറഞ്ഞ് നിന്നു. വേദന കൊണ്ട് പുളഞ്ഞ വൈഭവിനരികിലേക്ക് ടീം ഫിസിയോ ഓടിയെത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. 

ആദ്യ ഇന്നിങ്സില്‍ 37 പന്തില്‍ നിന്ന് 103 റണ്‍സാണ് വൈഭവ് നേടിയത് അഞ്ച് ഫോറും പന്ത്രണ്ട് സിക്സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. സ്ട്രൈക്ക് റേറ്റ് 278.38. ഐപിഎല്‍ സെഞ്ചറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും ട്വന്‍റി 20 ക്രിക്കറ്റില്‍ അതിവേഗം ആയിരം റണ്‍സ് തികച്ച താരവും വൈഭവായി. 473 പന്തുകളില്‍ നിന്നാണ് വൈഭവ് 1000 റണ്‍സ് തികച്ചത്. 533 പന്തുകളില്‍ നിന്ന് 1000 തികച്ച മിച്ചല്‍ ഓവന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തത്. 558 പന്തില്‍ നിന്ന് 1000 റണ്‍സെടുത്ത ഓസീസ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സാണ് പട്ടികയിലെ മൂന്നാമന്‍. ട്വന്‍റി 20യില്‍ 1069 ബാറ്റര്‍മാരാണ് 1000 തികച്ചവര്‍. ഇതില്‍ 200ന് മേല്‍ സ്ട്രൈക്ക് റേറ്റുള്ളത് വൈഭവിന് മാത്രമാണ്. ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചറി നേടിയ ആദ്യ അണ്‍ക്യാപ്ഡ് ബാറ്ററും വൈഭവാണ്.

15 പന്തില്‍ നിന്നായിരുന്നു ഐപിഎലിലെ തന്‍റെ മൂന്നാമത്തെ അര്‍ധ സെഞ്ചറി വൈഭവ് കുറിച്ചത്. ഓസീസിന്‍റെ ജേക്ക് ഫ്രേസറിന്‍റെ 2024 സീസണിലെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. പന്ത്രണ്ട് സിക്സറുകളിലൂടെ ഐപിഎലില്‍ സിഎസ്കെ താരം മുരളി വിജയ് 2010 കുറിച്ച റെക്കോര്‍ഡും താരം തിരുത്തി. എട്ട് ഇന്നിങ്സുകളില്‍ നിന്നായി 357 റണ്‍സാണ് വൈഭവ് ഇതുവരെ സീസണില്‍  നേടിയത്. 

ENGLISH SUMMARY:

Rajasthan Royals' young sensation Vaibhav Suryavanshi suffered a suspected hamstring injury during the match against SRH. This comes right after the 15-year-old smashed a historic century off 37 balls, becoming the youngest to achieve the feat in IPL. Vaibhav also broke world records for the fastest 1,000 runs in T20 cricket, surpassing Mitchell Owen and Andrew Symonds. Fans are anxious as the medical team assesses the extent of his injury following his exit from the field.