സിംബാബ്‍വെയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിലും അർധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്കോററുമാണ് 15കാരൻ. മൂന്ന് ഇന്നിങ്സുകളിൽ നിന്ന് 151 റൺസാണ് വൈഭവ് നേടിയത്.

മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ താൽക്കാലിക മുഖ്യപരിശീലകനായ വി.വി.എസ്. ലക്ഷ്മൺ വൈഭവിനെ വാനോളം പ്രശംസിച്ചു.

കളിയെക്കുറിച്ച് വൈഭവിന് മികച്ച അവബോധമുണ്ടെന്നും സമ്മർദസാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്ന് ദിനംപ്രതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ലക്ഷ്മൺ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വൈഭവിന്റെ മോശം പ്രകടനം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, മോശം സാഹചര്യങ്ങളിൽ നിന്ന് കരകയറാനുള്ള വൈഭവിന്റെ കഴിവിനെ താൻ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും ഐപിഎല്ലിലെ പ്രകടനങ്ങൾ തന്നെ അത് ബോധ്യപ്പെടുത്തിയിരുന്നുവെന്നും ലക്ഷ്മൺ പറഞ്ഞു.

രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സമ്മർദത്തെ നേരിട്ട രീതി താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഏതൊരു ഐപിഎൽ മത്സരവും രാജ്യാന്തര മത്സരങ്ങൾക്ക് തുല്യമായ സമ്മർദം സൃഷ്ടിക്കുന്നതാണ്. അന്ന് വൈഭവിന് 14 അല്ലെങ്കിൽ 15 വയസ്സായിരുന്നു. അത്തരമൊരു പ്രായത്തിൽ സമ്മർദത്തിൽ തളരുകയോ അതിനെ അതിജീവിക്കുകയോ ആണ് സാധാരണ സംഭവിക്കുക. എന്നാൽ, വൈഭവ് രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ഈ പരമ്പരയിലും അവനിൽ നിന്ന് ഇതുതന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്," ലക്ഷ്മൺ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ ആദ്യ 'മാൻ ഓഫ് ദ മാച്ച്' പുരസ്കാരവും വൈഭവ് സ്വന്തമാക്കി. 31 പന്തുകളിൽ നിന്നാണ് 15കാരൻ അർധസെഞ്ചറി നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലും രാജ്യാന്തര ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചതിന് ശേഷം വൈഭവിന്റെ വേഗം കുറഞ്ഞ രണ്ടാമത്തെ അർധസെഞ്ചറിയായിരുന്നു ഇത്.

ENGLISH SUMMARY:

Vaibhav Suryavanshi's exceptional performance in the T20 series against Zimbabwe has earned him the Player of the Series award, showcasing his talent as India's top scorer at just 15 years old. His mature approach to pressure situations, highlighted by his half-century in the final match, has drawn praise from interim head coach VVS Laxman, who recognized his resilience and IPL debut performance.