Image: instagram.com/ghamai.zadran/

അപൂർവ രോഗം ബാധിച്ച് അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ ഡല്‍ഹിയില്‍ ചികില്‍സയില്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അതുവഴി സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയായ ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് (എച്ച്എല്‍എച്ച്) പിടിപെട്ടാണ് 38 കാരനായ താരം ജീവനുവേണ്ടി പോരാടുന്നത്. നിലവില്‍ ഡൽഹിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഷാപൂർ.

കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂർ സദ്രാന്‍ കടുത്ത അണുബാധ മൂലം ചികില്‍സ തേടുന്നത്. ഇത് ക്ഷയരോഗമാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ചികില്‍സയിലിരിക്കേ ആദ്യഘട്ടങ്ങളില്‍ ഷാപൂർ ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭേ‌ദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

എന്നാല്‍ 20 ദിവസത്തിനുശേഷം രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. ആദ്യം പനിയായത് പിന്നീട് ഡെങ്കിപ്പനിയായി. രക്തത്തില്‍ അരുണ രക്താണുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിരോധശേഷി ദുർബലമായി. പിന്നാലെയാണ് അഫ്ഗാനിസ്ഥാനിലെ ഡോക്ടർമാർ ചികില്‍സയ്ക്കായി ഇന്ത്യയിലേക്ക് പോകാൻ നിര്‍ദേശിക്കുന്നത്. തുടര്‍ന്ന് ജനുവരി 18 ന് ഷാപൂർ ഇന്ത്യയിലെത്തുകയും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇഎസ്‌പി‌എൻ ‌ക്രിക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാൻ ടി20 ഐ ടീം ക്യാപ്റ്റൻ റാഷിദ് ഖാന്‍, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചെയർമാൻ മിർവൈസ് അഷ്‌റഫ് എന്നിവരുടെ ഇടപെടലാണ് ഷാപൂർ സദ്രാന് ഇന്ത്യയിലേക്കുള്ള വീസ വേഗത്തിൽ ലഭിക്കാൻ വഴിയൊരുക്കിയത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ, ഐസിസി ചെയർമാൻ ജയ് ഷായുമായി ബന്ധപ്പെട്ടിരുന്നു. മാത്രമല്ല റാഷിദ് ഖാന്‍ തന്‍റെ ഐപിഎല്‍ ബന്ധങ്ങളും ഉപയോഗിച്ചു.

ഷാപൂർ സദ്രാൻ

അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ് ഷാപൂർ സദ്രാൻ. 2009 ൽ നെതർലൻഡ്‌സിനെതിരെയായിരുന്നും രാജ്യാന്തര ക്രിക്കറ്റില്‍ ഷാപൂറിന്‍റെ അരങ്ങേറ്റം. 2009 നും 2020 നും ഇടയിൽ 44 ഏകദിനങ്ങളും 36 ടി20 ഐകളും ഉള്‍പ്പെടെ 80 രാജ്യാന്തര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനായി ഷാപൂർ കളിച്ചിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിലുമായി 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജനുവരിയില്‍ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്

രോഗപ്രതിരോധ ശേഷി തകരാറിലാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളത്. അമിതമായി പ്രതികരിക്കുന്ന രോഗപ്രതിരോധ സംവിധാനം മൂലം ഹൈപ്പർഇൻഫ്ലമേഷൻ ഉണ്ടാകുകയും ഇത് അസ്ഥി മജ്ജ, കരൾ, പ്ലീഹ, ലിംഫ് നോഡുകൾ എന്നിവയുൾപ്പെടെ ശരീരകലകൾക്ക് കേടുപാടുകൾ വരുത്തുകുയും ചെയ്യുന്നു.

Former Afghan Pacer Shapoor Zadran Battles Rare Immune Disorder HLH in Delhi Hospital:

Former Afghanistan pacer Shapoor Zadran is currently fighting for his life in a Delhi hospital after being diagnosed with Hemophagocytic Lymphohistiocytosis (HLH), a rare and life-threatening immune disorder. The 38-year-old bowler's health deteriorated after a series of infections, including tuberculosis that spread to his brain and a severe drop in blood cell counts. Following an urgent intervention by Rashid Khan and the Afghanistan Cricket Board, through coordination with Jay Shah, Zadran was flown to India on January 18 for advanced treatment. Having retired from international cricket in early 2025, the left-arm pacer is now in the intensive care unit, with the global cricket community praying for his recovery.