Credits: instagram.com/medhamayurii
ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ അടുത്തിടെ സഞ്ജു കേരളത്തിലെത്തിയിരുന്നു. സഞ്ജു സാംസൺ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് കോഴിക്കോടും പാലക്കാടുമാണ് താരമെത്തിയത്. അന്ന് സഞ്ജുവിനെ കാണാനുള്ള അവസരം നഷ്ടമായതില്‍ പൊട്ടിക്കരഞ്ഞ ഒരു ‘കുട്ടി ആരാധകനുണ്ട്. കോഴിക്കോട്ടുകാരനായ ആറാം ക്ലാസ് വിദ്യാർഥി ആർ.ധ്യാന്‍. ധ്യാനിന്റെ ബന്ധുവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആ സങ്കടം ലോകം അറിയുകയും ചെയ്തു. ഇന്നിതാ കുട്ടി ആരാധകന്‍റെ വിഷമം മാറ്റാന്‍ സഞ്ജുവും എത്തിയിരിക്കുകയാണ്. വിഡിയോ കോളിലൂടെയാണ് സഞ്ജു ധ്യാനിനോട് സംസാരിച്ചത്. ഇതിന്‍റെ വിഡിയോയും ധ്യാനിന്‍റെ ബന്ധു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് വന്നപ്പോള്‍ മലബർ ക്രിസ്റ്റ്യൻ കോളജിന്റെ ഗ്രൗണ്ടിലാണ് വൈകീട്ട് സഞ്ജു എത്തിയത്. ആറാംക്ലാസുകാരന്‍ ധ്യാന്‍ എല്ലാ ദിവസവും ഇവിടെ മുടങ്ങാതെ പരിശീലനം നടത്താറുണ്ടായിരുന്നു. എന്നാൽ സഞ്ജു വന്ന ദിവസം രാവിലെയാണ് ധ്യാൻ പരിശീലനത്തിന് പോയത്. ഇതോടെ സഞ്ജുവിനെ കാണാനുള്ള അവസരം ധ്യാനിനു നഷ്ടമായി. പിന്നാലെയാണ് ‘എനിക്ക് സഞ്ജുവിനെ കാണണം, എനിക്ക് ഒരിക്കൽ പോലും ലക്കില്ല’ എന്ന് പറഞ്ഞു കരയുന്ന ധ്യാനിന്‍റെ വിഡിയോ ബന്ധു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇനിയും കാണാനാകുമെന്ന് പറഞ്ഞ് ധ്യാനിനെ പലരും ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ‘ഇനി ഒരിക്കലും കാണാൻ പറ്റില്ല’ എന്ന് പറഞ്ഞ് ധ്യാന്‍ കരയുകയായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. കമന്‍റ് സെക്ഷനില്‍ സഞ്ജുവിനെ ടാഗ് ചെയ്ത് ഒട്ടേറെപേരെത്തി. ഒടുവില്‍ വിഡിയോ സഞ്ജു കാണുകയും കുട്ടി ആരാധകനെ വിഡിയോകോള്‍ ചെയ്യുകയുമായിരുന്നു.
‘സഞ്ജു സാര്‍, എനിക്ക് വിശ്വസിക്കാനാകുന്നില്ല’ എന്നാണ് കോള്‍ എടുത്തയുടന്‍ ധ്യാന്‍ പറയുന്നത്. സ്കൂളിലൊന്നും പോയില്ലേ, അവധിയാണോ, പ്രാക്ടീസിന് പോകാറുണ്ടോ എന്നെല്ലാം കുട്ടി ആരാധകനോട് സഞ്ജു ചോദിക്കുന്നുണ്ട്. അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം എന്ന ഉറപ്പും നല്‍കുന്നു. ധ്യാന്‍ സാര്‍ എന്ന് വിളിക്കുമ്പോള്‍ സർ എന്നൊന്നും വിളിക്കേണ്ട സഞ്ജുവെന്ന് വിളിച്ചാൽ മതിയെന്ന് സഞ്ജു തിരുത്തുന്നുണ്ട്. പിന്നാലെ സഞ്ജു ചേട്ടാ എന്ന് ധ്യാനും. ആവശ്യമില്ലാതെ ചുമ്മാ കരയല്ലേ എന്ന് സഞ്ജു പറയുകയും അപ്പോളേക്കും ധ്യാന്‍ വീണ്ടും കരയാന്‍ തുടരുകയും ചെയ്യുന്നു. കുഴപ്പമില്ല അടുത്ത പ്രാവശ്യം ഒന്നിച്ച് ക്രിക്കറ്റ് കളിക്കാം എന്ന് ഉറപ്പുനല്‍കിയാണ് സഞ്ജു ധ്യാനിനെ ആശ്വസിപ്പിക്കുന്നത്. ധ്യാന്‍ വീണ്ടും സാറെ എന്നു വിളിക്കുമ്പോള്‍ ശരി സാറെ എന്നായിരുന്നു സഞ്ജുവിന്‍റെയും മറുപടി.
ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട റീല്‍ ഇതിനകം 2 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ‘എല്ലാവർക്കും വളരെ നന്ദി! ഒടുവിൽ, സഞ്ജു ചേട്ടൻ അവനെ വിളിച്ചു! എല്ലാവരും ഒരു കുടുംബം പോലെ ഞങ്ങളെ പിന്തുണച്ചു’ എന്നാണ് റീല്‍ പങ്കിട്ടയാള്‍ കുറിച്ചത്. മുന്‍പ് സഞ്ജുവിനെ കാണാന്‍ കഴിയാത്തതിന്‍റെ സങ്കടത്തില്‍ ധ്യാന്‍ പൊട്ടിക്കരയുന്ന റീലും ഒരു മില്യണോളം പേര്‍ കണ്ടിരുന്നു. പിന്നാലെ പോസ്റ്റിന് താഴെ ഹൃദയം നിറഞ്ഞ കമന്‍റുകളുമായി ആളുകളുമെത്തി.
അതേസമയം. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നാലാം മല്‍സരത്തില്‍ സെഞ്ചറി തിളക്കത്തിലാണ് സഞ്ജു. 53 പന്തില്‍ സെഞ്ചറി തികച്ചാണ് സഞ്ജു ആരാധകരെ കയ്യിലെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്സിനായി ആദ്യമായാണ് ഒരു വിക്കറ്റ് കീപ്പര്‍ സെഞ്ചറി നേടുന്നത്. ചെന്നൈയുടെ വിക്കറ്റിന് പിന്നില്‍ വര്‍ഷങ്ങളോളം തിളങ്ങിയ ധോണിയുടെ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോര്‍ പോലും 84 റണ്‍സാണ്. 115 റണ്‍സുമായി സഞ്ജു പുറത്താകാതെ നില്‍ക്കുകയും ചെയ്തു. കരിയറില്‍ നാലാം ഐപിഎല്‍ സെഞ്ചറി നേടിയ സഞ്ജുവിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. 2021 ല്‍ നേടിയ 119 റണ്‍സാണ് ഐപിഎല്ലിലെ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍. സെഞ്ചറിക്ക് ശേഷം ചെപ്പോക്കിനെ ഇളക്കി മറിച്ച് സഞ്ജുവിന്‍റെ പടയപ്പ സ്റ്റൈല്‍ ആഘോഷവുമുണ്ടായിരുന്നു.