Image: x.com/BoostedBoiKyle

Image: x.com/BoostedBoiKyle

TOPICS COVERED

‘സെൽഫ് ഡ്രൈവിങില്‍ ടെസ്‌ല കാര്‍, ഉറങ്ങുന്ന ഡ്രൈവര്‍....’ എക്സില്‍ വൈറലാകുന്ന ഒരു വിഡിയോയാണിത്. വൈറലാകുക മാത്രമല്ല, ഓൺലൈൻ വലിയ ചര്‍ച്ചകള്‍ക്കും വിഡിയോ തുടക്കമിട്ടിട്ടുണ്ട്. സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ സുരക്ഷയെയും ഭാവിയെയും കുറിച്ചുള്ള ചർച്ചകളാണ് സജീവം.

കൈല്‍ വെയ്‍ഡ് എന്ന എക്സ് ഉപയോക്താവാണ് വിഡിയോ പങ്കിട്ടത്. യാത്രയുടെ ഭൂരിഭാഗവും സ്റ്റിയറിങ് വീലിന് പിന്നില്‍ ഡ്രൈവര്‍ ഉറങ്ങുമ്പോള്‍‌ കാർ ഓടിക്കുന്നത് ടെസ്‌ലയുടെ ഫുൾ സെൽഫ്-ഡ്രൈവിങ് (എഫ്എസ്ഡി) സവിശേഷത ഉപയോഗിച്ചാണെന്ന് അദ്ദേഹം കുറിച്ചു. ടെസ്‌ലയുടെ എഫ്‌എസ്‌ഡി സാങ്കേതികവിദ്യയെക്കുറിച്ച് തനിക്ക് അറിയാമെന്നും മുന്‍പും ഇതുപയോഗിത്ത് താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഭയമൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോയില്‍ ഉറങ്ങുന്ന ഡ്രൈവറെ കണ്ണാടിയിലൂടെയും അല്ലാതെയും പകര്‍ത്തിയിട്ടുണ്ട്. പശ്ചാത്തലത്തിൽ കാറില്‍ പ്ലേ ചെയ്യുന്ന മനോഹരമായ ഗാനവും കേള്‍ക്കാം.

‘എന്റെ യൂബർ എന്നെ ഒരു ടെസ്‌ലയിൽ കയറ്റി ഹൈവേയിലൂടെയുള്ള യാത്രക്കിടയില്‍ ഭൂരിഭാഗവും ഉറങ്ങി. ഞാൻ മുന്‍പും എഫ്‌എസ്‌ഡി ഉപയോഗിച്ച് ഡ്രൈവ് ചെയ്തിട്ടുണ്ട്, അത് എത്രത്തോളം മികച്ചതാണെന്ന് എനിക്കറിയാം, അതിനാൽ ഭയമൊന്നും തോന്നിയില്ല. അത് എന്നെ ലക്ഷ്യസ്ഥാനത്ത് ഇറക്കി. 20 മിനിറ്റ് ഡ്രൈവിന്റെ 90% സമയവും ഡ്രൈവര്‍ ഉറങ്ങുകയായിരുന്നു’– അദ്ദേഹം വിഡിയോക്ക് താഴെ കുറിച്ചു.

യാത്ര വിജയകരമായിരുന്നെങ്കിലും, വിഡിയോക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഡ്രൈവറുടെ മേൽനോട്ടമില്ലായ്മയിൽ പലരും ആശങ്ക പ്രകടിപ്പിച്ചു. ടെസ്‌ലയുടെ എഫ്‌എസ്‌ഡി സിസ്റ്റം എപ്പോഴും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ഏത് നിമിഷവും വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറായിരിക്കണമെന്നും നിര്‍ദേശിക്കുന്നതായി പലരും ചൂണ്ടിക്കാട്ടി. പ്ലാറ്റ്‌ഫോമിന്റെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് നിരവധി ടെസ്‌ല ഉപയോക്താക്കളും വിമര്‍‌ശനമായി രംഗത്തെത്തുന്നുണ്ട്. ഡ്രൈവര്‍ പെട്ടെന്ന് ഉണര്‍ന്നാലോ, ഉറക്കത്തിനിടെ പേടിച്ച് സ്റ്റിയറിങ് വീൽ മാറ്റിയാലോ എന്തു ചെയ്യും? ഒരുപക്ഷേ സ്റ്റിയറിങ് വീലിന് പിന്നില്‍ ഒരാളില്ലായിരുന്നെങ്കില്‍ വിശ്വസിച്ച് യാത്ര ചെയ്യാമായിരുന്നു എന്നാണ് ഒരാള്‍ കുറിച്ചത്.

അതേസമയം, മറ്റൊരു വിഭാഗം ടെസ്‌ലയുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയെ പ്രശംസിച്ചു. ഇത്തരം സംവിധാനങ്ങൾക്ക് റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ കഴിയുമെന്നതിന്റെ തെളിവാണിതെന്ന് പലരും കുറിച്ചു. എന്നാല്‍, സംഭവം വെറും നാടകമാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. പുതിയ ടെസ്‌ല കാറുകളുടെ ക്യാബിൻ മോണിറ്ററിങ് സംവിധാനം ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുമെന്നും ഉറങ്ങാൻ അനുവദിക്കില്ലെന്നും ഓരോ 30 സെക്കൻഡിലും മുന്നറിയിപ്പ് നല്‍കുമെന്നും ചിലര്‍ കുറിച്ചു. അതുകൊണ്ടു തന്നെ ഇത് വെറും വിഡിയോക്ക് വേണ്ടിയുള്ള സ്റ്റണ്ടാണെന്നാണ് പലരുടേയും വാദം.

ENGLISH SUMMARY:

A viral video shared on X by user Kyle Wade showing a Tesla driving on Full Self-Driving (FSD) mode while the driver is fast asleep behind the wheel has sparked an intense global debate over autonomous vehicle safety. Wade, who encountered this situation while riding as an Uber passenger, noted that the driver slept through 90% of the 20-minute highway commute, though he felt completely safe due to his prior familiarity with Tesla’s robust autonomous capabilities. The footage has drawn immense criticism from the online community and automotive enthusiasts who highlighted that Tesla’s official policy strictly mandates drivers to remain alert and ready to seize control at any moment. Skeptics have also labeled the entire video as a choreographed online stunt, pointing out that Tesla's advanced internal cabin monitoring systems are legally designed to sound repeated alarms if a driver's eyes remain closed or diverted for more than 30 seconds. While the trip concluded successfully without any mishap, the incident has renewed critical conversations surrounding corporate liability, structural platform guidelines, and the immediate psychological risks of over-relying on automated driving software.