Image: x.com/sanjaygupta1304

Image: x.com/sanjaygupta1304

ഇൻഡോറിൽ, അവസാന വർഷ ഫെയര്‍വെല്‍ ആഘോഷത്തിനിടെ ഹോസ്റ്റല്‍ അടിച്ചു തകര്‍ത്ത് വിദ്യാര്‍ഥികള്‍. ഇന്‍ഡോറിലെ ദേവി അഹല്യ സർവകലാശാലയിലെ ഐഇടി ഡിപ്പാർട്ട്‌മെന്റ് ഹോസ്റ്റലിലാണ് സംഭവം. വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിന്‍റെയും പിന്നാലെ ഫർണിച്ചറുകളും സിസിടിവികളും ഉൾപ്പെടെയുള്ള ഹോസ്റ്റൽ വസ്തുക്കള്‍ അടിച്ചു തകര്‍ക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മെയ് 16ന് രാത്രിയിലാണ് ഐഇടിയിലെ രാമാനുജൻ ബോയ്‌സ് ഹോസ്റ്റൽ-ബിയിൽ അവസാന വർഷ വിദ്യാർഥികൾ ഫെയര്‍വെല്‍ ആഘോഷം സംഘടിപ്പിച്ചത്. പാട്ടുവച്ച് നൃത്തം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പിന്നീട് ഹോസ്റ്റലിലെ കസേരകൾ, മേശകൾ, ജനൽച്ചില്ലുകൾ, വാട്ടർ ടാങ്ക് എന്നിവയുൾപ്പെടെയുള്ള നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ 18 വിദ്യാർഥികളെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. കൂടുതൽ വിദ്യാർഥികളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 

എല്ലാ വിദ്യാർഥികളെയും തിരിച്ചറിഞ്ഞതിന് ശേഷം ഇവര്‍ക്ക് ഒരുമിച്ച് നോട്ടിസ് നൽകുമെന്നും അവസാന പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. അന്വേഷണം പൂർത്തിയായതിനുശേഷം മാത്രമേ പരീക്ഷകൾ നടത്തുകയുള്ളൂ. മാത്രമല്ല ഓരോരുത്തരില്‍ നിന്നും 25,000 രൂപ പിഴയായി ഈടാക്കുകയും ചെയ്യും. കുറ്റക്കാരുടെ ഫലം തടഞ്ഞുവയ്ക്കുകയും പ്ലേസ്മെന്‍റ് റദ്ദാക്കുകയും ചെയ്യുമെന്നും കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചിലർ നൃത്തം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഹോസ്റ്റല്‍ വസ്തുക്കള്‍ നശിപ്പിച്ചവര്‍ക്കെതിരെ മാത്രമേ നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നുള്ളൂ എന്നും അധികൃതര്‍ പറഞ്ഞു. ഏകദേശം 150 വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.

അതേസമയം, സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മാപ്പ് പറയുന്ന ഒരു വിഡിയോയും ഓണ്‍ലൈനിലൂടെ പുറത്തുവന്നിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ചെത്തി മാപ്പ് ചോദിക്കുന്നതും ശിക്ഷാ നടപടികളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടുന്നതായും വിഡിയോയില്‍ കാണാം. എങ്കിലും നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. സംഭവത്തില്‍ ഡിവിഷണൽ കമ്മീഷണറും കോളജ് അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

ENGLISH SUMMARY:

A farewell celebration turned into a chaotic riot at the Devi Ahilya University (DAVV) in Indore as final-year engineering students went on a rampage inside the campus hostel. The shocking incident took place on May 16 at the IET Ramanujan Boys Hostel-B, where a group of students dancing to loud music suddenly targeted internal infrastructure, smashing furniture, windows, water tanks, and CCTV systems. In response to the viral footage of the violence, university authorities have successfully identified 18 students so far out of the 150 hostel residents and are investigating further to locate the remaining miscreants. To enforce strict discipline, the college administration has suspended the final examinations for the guilty batch, imposed a hefty fine of ₹25,000 per student, and ordered the immediate cancellation of their campus job placements. Although a subsequent video emerged online showing the remorseful students collectively apologizing and pleading for academic leniency, both the university management and the Divisional Commissioner are moving forward with strict penal actions to deter future campus lawlessness.