Image: PTI
സഞ്ജു സാംസണ്‍ ഫോമിലാണെങ്കില്‍ ആദ്യ ആറ് ഓവറിനകം മത്സരം തീര്‍ക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീര്‍. സഞ്ജുവിന്റെ കഴിവിലും ആക്രമണോത്സുക ബാറ്റിങ്ങിലും ആര്‍ക്കും സംശയമില്ലല്ലോയെന്നും ഗംഭീര്‍ ചോദിക്കുന്നു. സഞ്ജു ഫോമിലാണെങ്കില്‍ പവര്‍ പ്ലേയ്ക്കുള്ളില്‍ തന്നെ കളി ജയിക്കാനുള്ളത് ടീം നേടിയിരിക്കുമെന്നും ഗംഭീര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
‘സിംബാബ്‌വേയ്ക്കെതിരായ മത്സരത്തിനു മുന്‍പ് ജിമ്മില്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന സമയത്താണ് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന കാര്യം താന്‍ സഞ്ജുവിനെ അറിയിച്ചത്. വരട്ടേ, അപ്പോള്‍ നോക്കാമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അതൊരു കോച്ചും ടീമംഗവും തമ്മിലുള്ള ബന്ധത്തിന്റെ പേരിലായിരുന്നില്ലെന്നും അതൊരു വ്യക്തിപരമായ ബന്ധത്തിന്റെ പുറത്തുള്ള സംഭാഷണമായിരുന്നുവെന്നും ഗംഭീര്‍ പറയുന്നു. പക്ഷേ എല്ലാവരും കരുതുന്നതു പോലെ ടോപ് ഓര്‍ഡറിലെ ഇടംകൈ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനല്ല സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നും പവര്‍ പ്ലേയില്‍ ബാറ്റിങ് സ്ഫോടനാത്മകമാക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും ഗൗതം ഗംഭീര്‍ പറയുന്നു.
Image: AFP
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ടീം ഇന്ത്യ ഇതേ ശൈലിയാണ് പിന്തുടരുന്നതെന്നും ഏതൊരു ബൗളറേയും നേരിടാന്‍ പ്രാപ്തിയുള്ള ബാറ്റ്സ്മാനാണ് സഞ്ജുവെന്നും ഗംഭീര്‍ പറയുന്നു. സഞ്ജുവിനൊപ്പം അഭിഷേകും ഇഷാനും കൂടി ചേര്‍ന്നാല്‍ ഇന്ത്യയുടെ ടോപ്പ് ഓർഡർ കൂടുതല്‍ അപകടകരമാകുന്നു. അതേസമയം തന്നെ സൂര്യകുമാര്‍, ഹാര്‍ദിക്, തിലക് വര്‍മ എന്നിവരുടെ സാന്നിധ്യവും ബാറ്റിങ് നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ടീമിന്റെ ബാറ്റിങ് ലൈനപ്പിലെ കരുത്തും ആഴവും പവര്‍പ്ലേയില്‍ റിസ്ക് എടുക്കാന്‍ ഓപ്പണര്‍മാരെ സഹായിക്കുന്നതാണെന്നും കോച്ച് വിശദമാക്കുന്നു.
അഭിഷേക് ശര്‍മയ്ക്ക് ഫോം നഷ്ടപ്പെട്ടതല്ലെന്നും റണ്‍സ് ലഭിക്കാന്‍ പ്രയാസം തോന്നിയെന്നതു മാത്രമാണ് പ്രശ്നമെന്നും ഗംഭീര്‍ പറയുന്നു. ആദ്യ പന്ത് തന്നെ സിക്സര്‍ അടിക്കാന്‍ തോന്നിയാല്‍ അതിനായി 100 ശതമാനം പരിശ്രമിക്കാനാണ് താന്‍ താരങ്ങളോട് പറയാറുള്ളതെന്നും ഗംഭീര്‍ പറയുന്നു. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിലല്ല മറിച്ച് ഡ്രസിങ് റൂമിലെ 30 പേര്‍ക്ക് നിങ്ങളില്‍ എത്രത്തോളം വിശ്വാസമുണ്ട് എന്നതിലാണ് കാര്യമെന്നും കളിക്കാരെ ഉപദേശിക്കുന്നതായും ഗംഭീര്‍ പറയുന്നു.