ട്വന്‍റി 20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ പുറത്തായ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ ഇനിയും നാട്ടിലേക്ക് മടങ്ങിയില്ല. മാര്‍ച്ച് ഒന്നിന് ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ച വിന്‍ഡീസ് ടീം ഒരാഴ്ചയിലേറെയായി കൊല്‍ക്കത്തയില്‍ കഴിയുകയാണ്. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിന്‍ഡീസ് ടീമിന്‍റെ യാത്ര വൈകുന്നത്. അതേസമയം, സെമിയില്‍ തോറ്റു പുറത്തായ ഇംഗ്ലണ്ടിനെ ഐസിസി 36 മണിക്കൂറിനകം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചു.
മാര്‍ച്ച് അഞ്ചിനാണ് ഇംഗ്ലണ്ട് സെമിയില്‍ പുറത്താകുന്നത്. 36 മണിക്കൂറിനുള്ളില്‍ ഇംഗ്ലണ്ട് താരങ്ങളെ ഐസിസി തിരികെ അയച്ചു. എന്നാല്‍ മാര്‍ച്ച് ഒന്നിനാണ് സൂപ്പര്‍ എട്ടിലെ വിന്‍ഡീസിന്‍റെ അവസാന മത്സരം നടന്നത്. ഒരാഴ്ചയലധികം കഴിഞ്ഞിട്ടും വിന്‍ഡീസ് താരങ്ങള്‍ ഇന്ത്യയിലാണ്. മാര്‍ച്ച് നാലിന് സെമിയില്‍ പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയില്‍ നിന്നും മടങ്ങാന്‍ സാധിച്ചിട്ടില്ല. ലോകകപ്പുകളില്‍ ടീമുകളുടെ യാത്ര കൈകാര്യം ചെയ്യുന്നത് ഐസിസി തന്നെയാണ്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഇതിനെതിരെ രംഗത്തെത്തി. 'ഇത് ശരിയല്ല... പുറത്തായതിന് ശേഷം 36 മണിക്കൂറിനുള്ളിൽ ഇംഗ്ലണ്ട് ചാർട്ടർ വിമാനത്തിൽ മടങ്ങി.. എല്ലാ ടീമുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെയായിരിക്കണം..' എന്നാണ് വോണ്‍ പ്രതികരിച്ചത്. ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, വെസ്റ്റിൻഡീസ് പരിശീലകൻ ഡാരൻ സാമി തുടങ്ങിയവരും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനയാത്രയിലുള്ള തടസങ്ങളാണ് ടീമുകളുടെ യാത്രയെ ബാധിക്കുന്നതെന്നാണ് ഐസിസിയുടെ വിശദീകരണം. സംഘര്‍ഷം ബാധിച്ച പ്രദേശങ്ങളെ ഒഴിവാക്കിയാണ് യുകെയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചരിക്കുന്നത്. ഇതാണ് ഇംഗ്ലണ്ടിന്‍റെ യാത്ര എളുപ്പമാക്കിയത്. കരീബിയന്‍ രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമുള്ള വിമാനങ്ങള്‍ക്ക് ഗള്‍ഫിലെ വ്യോമപാത ഉപയോഗിക്കണം. അനുമതി ലഭിക്കാത്തതിനാല്‍ നേരത്തെ ബുക്ക് ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദായതായും ഐസിസി വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയില്‍ കുടുങ്ങിയ വിന്‍ഡീസ് സംഘം കൊമേഴ്സ്യൽ ഫ്ലൈറ്റുകളിൽ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ചില കളിക്കാരും സ്റ്റാഫും ഇതിനകം തന്നെ യാത്ര തിരിച്ചതായും ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളില്‍ മടങ്ങുമെന്നും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് വ്യക്തമാക്കി.