gold-price
  • കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 2,120 രൂപ വർധിച്ച് പുതിയ റെക്കോർഡിലേക്ക്. ഇന്നത്തെ നിരക്കുകളും വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങളും അറിയാം.

ഇടവേളയ്ക്ക് ശേഷം കുതിപ്പ് തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. പവന് 2,120 രൂപയാണ് വ്യാഴാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍റെ വില 1,09,800 രൂപയിലെത്തി. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 13,725 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ വര്‍ധിച്ച് 11275 രൂപയായി. 90200 രൂപയാണ് പവന്‍റെ വില. ഇന്നത്തെ നിരക്കില്‍ 22 കാരറ്റ് ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ 1.25 ലക്ഷം രൂപ വേണം.

സമാധാനത്തില്‍ സ്വര്‍ണം

യു.എസ്.–ഇറാന്‍ യുദ്ധം ഭീതി ഒഴിയുന്നതിന് പിന്നാലെ രാജ്യാന്തര വിലയിലെ കുതിപ്പാണ് വിലക്കയറ്റത്തിന് കാരണം. രാജ്യാന്തര വില ട്രോയ് ഔണ്‍സിന് 4300 ഡോളര്‍ കടന്ന് കുതിച്ചു. നിലവില്‍ 4273 ഡോളറിലാണ് വ്യാപാരം. രണ്ടു ദിവസം മുന്‍പെ 4050 ഡോളറിലായിരുന്നു രാജ്യാന്തര വില. ജൂണ്‍ 18 നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോര്‍മുസ് തുറക്കാനുള്ള ധാരണ സംബന്ധിച്ച വാര്‍ത്തകളാണ് സ്വര്‍ണ കുതിപ്പിന് വഴിയൊരുക്കുന്നത്. ഹോര്‍മുസ് തുറക്കുന്നത് സംബന്ധിച്ച് ഒമാനുമായി ധാരണയായതായി ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഇതോടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ഇത് പണപ്പെരുപ്പം കുറയ്ക്കുന്നതിനും ഫെഡറല്‍ റിസര്‍വിനെ പലിശ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും. പിന്നാലെ ഡോളറും ബോണ്ട് യീല്‍ഡും താഴ്ന്നതോടെ സ്വര്‍ണത്തിന് നേട്ടമായി. ഇത് ഡോളറില്‍ സ്വര്‍ണം വാങ്ങുന്നത് മറ്റു രാജ്യങ്ങള്‍ക്ക് ചെലവ് കുറഞ്ഞതാക്കി. 

ഇനി കുതിക്കുമോ?

വെള്ളിയാഴ്ച വൈകി പുറത്തിറങ്ങാനിരിക്കുന്ന  ജൂലൈ മാസത്തെ യുഎസ് തൊഴിൽ റിപ്പോർട്ടാണ് ഇനി സ്വര്‍ണത്തിന്‍റെ ഗതി നിശ്ചയിക്കുക. തൊഴിൽ വിപണിയുടെ അവസ്ഥയെക്കുറിച്ചും യുഎസ് പലിശനിരക്കിന്റെ ഭാവിയെ പറ്റിയും തൊഴില്‍കണക്ക് സൂചനകൾ നൽകും. അതേസമയം, തൊഴില്‍കണക്ക് പ്രതീക്ഷിച്ചതിലും മികച്ചതായാല്‍ ഇത് ഡോളറിന്റെ മൂല്യം ഉയരാനും സ്വര്‍ണ വിലയില്‍ സമ്മര്‍ദമുണ്ടാക്കാനും സാധ്യതയുണ്ട്.

ജൂലൈ മാസത്തിലെ യുഎസ് സ്വകാര്യ തൊഴിൽ റിപ്പോർട്ട് പ്രതീക്ഷിച്ചതിന് സമാനമായിരുന്നു. പിന്നാലെയാണ് രാജ്യാന്തര വില കുതിച്ചത്. തൊഴിൽ വിപണിയിൽ പ്രതീക്ഷിച്ചതിലും ദുർബലമായ സാഹചര്യം തുടരുന്നതായാണ് സൂചിപ്പിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകരെത്തുന്നത്.

ഡോളറിന്റെയും ട്രഷറി ബോണ്ട് വരുമാനത്തിന്റെയും ചലനങ്ങൾക്കൊപ്പം ഫെഡറൽ റിസർവിന്റെ തുടർ നയനിലപാടുകളും വരും ദിവസങ്ങളിൽ സ്വർണ്ണവിലയുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ വിലയിരുത്തി. രാജ്യാന്തര വിപണിയിലെ വിലവർധനവ് തുടരാൻ സാധ്യതയുള്ളതിനാല്‍ ഓണം വിപണിയിൽ സ്വർണത്തിന് വിലവർധനവിനാണ് സാധ്യത.

ENGLISH SUMMARY:

Gold prices in Kerala witnessed a sharp surge, with the price of a sovereign increasing by 2,120 rupees to reach 1,09,800 rupees. This upward trend was primarily driven by soaring international market rates, which crossed 4,300 dollars per troy ounce following easing geopolitical tensions between the US and Iran. Additionally, a drop in crude oil prices, a weakening US dollar, and declining bond yields bolstered gold's appeal as a safe-haven asset. Investors are now closely awaiting the upcoming US July employment report, which will heavily influence the Federal Reserve's future interest rate decisions and global bullion trends.