ഫൈനലുകളില്‍ നിർഭാഗ്യം പിന്തുടരുന്ന ടീമാണ് ന്യൂസീലന്‍ഡ്. ഏകദിന - ട്വന്റി 20 ലോകകിരീടങ്ങള്‍ കിവീസിന് കിട്ടാക്കനിയാണ്. എന്നാല്‍ ഈ ദ്വീപ് രാജ്യത്തിന്റെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ ലോകകപ്പ് ഫൈനല്‍ പോലും വലിയനേട്ടമായാണ് കണക്കാക്കുന്നത്. ന്യൂസീലൻഡിലെ ജനസംഖ്യ ഏകദേശം 53.6 ലക്ഷമാണ്.
ലോകകപ്പ് ഫൈനലിന് വേദിയാകുന്ന അഹമ്മദാബാദ് നഗരത്തെക്കാൾ ഏകദേശം 40 ലക്ഷം കുറവാണിത്. അതുകൊണ്ടായിരിക്കാം ഇന്ത്യയെപ്പോലുള്ള ഒരു ക്രിക്കറ്റ് വൻശക്തിയോട് ഒപ്പത്തിനൊപ്പം പൊരുതുന്നത് വലിയ നേട്ടം തന്നെയാണെന്ന് ന്യൂസീലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വന്‍ പ്രതിഭാസമ്പത്തുള്ള ഇന്ത്യയുമായി താരതമ്യം ചെയ്താല്‍ ന്യൂസിലന്‍ഡിലെ ഹൈ പെർഫോമൻസ് പദ്ധതികൾ വിജയംകാണമെങ്കില്‍ വളരെ കൃത്യതയുള്ളതും രാജ്യത്തെ ജനസംഖ്യയ്ക്ക് അനുയോജ്യമായതും ആകേണ്ടതുണ്ട്. 2000ൽ ഐസിസി നോക്കൗട്ട് ട്രോഫി നേടിയതിനു ശേഷം ന്യൂസീലൻഡ് എട്ട് ഐസിസി ഫൈനലുകളിൽ കളിച്ചു. വിജയം ഒന്നിൽ മാത്രം ഒതുങ്ങി. ഇന്ത്യയ്ക്കെതിരെ നടന്ന 2021ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലായിരുന്നു ഈ കിരീടനേട്ടം. 2019ലെ ഏകദിന ലോകകപ്പ്, 2021ലെ ട്വന്റി20 ലോകകപ്പ്, 2025ലെ ചാംപ്യൻസ് ട്രോഫി എന്നിവയുടെ ഫൈനലുകളിൽ കളിച്ചെങ്കിലും കിവീസിന് കാലിടറി.