നാടകങ്ങള്‍ക്കൊടുവില്‍ ട്വന്‍റി 20 ലോകകപ്പ് കളിക്കാനെത്തിയ പാക്കിസ്ഥാന്‍ നാണംകെട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. ആ അപമാനത്തിന് ആക്കം കൂട്ടി ഇപ്പോഴിതാ താരങ്ങളിലൊരാള്‍ക്കെതിരെ പീഡനശ്രമ പരാതിയും. ശ്രീലങ്കയിലെ ഹോട്ടല്‍ കാന്‍ഡിയില്‍ വച്ച് ജീവനക്കാരികളിലൊരാളോട് പാക് താരം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സൂപ്പര്‍ എട്ടില്‍ അവസാനത്തെ മല്‍സരത്തിന് തൊട്ടു മുന്‍പായിരുന്നു സംഭവമെന്ന് ടെലികോം ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശ്രീലങ്കയായിരുന്നു മല്‍സരത്തില്‍ പാക്കിസ്ഥാന്‍റെ എതിരാളികള്‍. 'ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിന് തൊട്ടുമുന്‍പാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ടീം താമസിച്ചിരുന്ന ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് കളിക്കാരിലൊരാള്‍ വളരെ മോശമായി പെരുമാറി. യുവതി ഉടന്‍ തന്നെ നിലവിളിക്കുകയും ഹോട്ടല്‍ അധികൃതരെ വിളിച്ചുവരുത്തുകയുമായിരുന്നു. അധികൃതര്‍ ഇടപെട്ട് യുവതിയെ സുരക്ഷിതയാക്കിയെങ്കിലും വിവരം പാക് ടീം മാനേജര്‍ നവീദ് ചീമയെ ഔദ്യോഗികമായി അറിയിച്ചു. ഗോള്‍ഡന്‍ ക്രൗണ്‍ ഹോട്ടലിലുണ്ടായിരുന്ന ഉന്നതാധികൃതര്‍ വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. കളിക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിന് ഹോട്ടല്‍ മാനേജ്മെന്‍റിനോട് ചീമ ഖേദപ്രകടനം നടത്തുകയും വിഷയം താല്‍കാലികമായി പരിഹരിക്കുകയുമായിരുന്നു. താരത്തിനെതിരെ ആഭ്യന്തരതലത്തില്‍ നടപടിയെടുക്കുമെന്ന് ഉറപ്പും നല്‍കി. കളിക്കാരന്‍റെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ലെന്നും വൈകാതെ പുറത്തുവരുമെന്നും' റിപ്പോര്‍ട്ടില്‍ പറയുന്നു. 

വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ താരത്തിനെതിരെ കടുത്ത നടപടി വേണമെന്നാണ് പിസിബിയില്‍ അഭിപ്രായം ഉയര്‍ന്നത്. പാക്കിസ്ഥാനെ നാണംകെടുത്തുന്ന പരിപാടിയാണ് ഉണ്ടായതെന്നും പിസിബി വിലയിരുത്തുന്നു. മാര്‍ച്ചില്‍ ബംഗ്ലദേശ് പര്യടനത്തിനൊരുങ്ങുകയാണ്  പാക്കിസ്ഥാന്‍. ലോകകപ്പിലെ മോശം പ്രകടനത്തിലും ഇന്ത്യയോട് തോറ്റതിലും ടീം അംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം പിഴയും പിസിബി ചുമത്തിയിരുന്നു. 

ബംഗ്ലദേശ് പര്യടനത്തില്‍ നിന്നും ബാബര്‍ അസമിനെയും സയിം അയൂബിനെയും പിസിബി ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ദയനീയ പ്രകടനമായിരുന്നു ഇരുവരുടേതും. എന്നാല്‍ ട്വന്‍റി 20യില്‍ പ്രകടനം മോശമായതിന്  ഏകദിനത്തില്‍ ഇരുവരെയും തഴഞ്ഞതെന്തിനെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മധ്യപൂര്‍വദേശത്തെ യുദ്ധം കലുഷിതമാകുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലദേശ് പര്യടനം ഉപേക്ഷിച്ചേക്കുമെന്നും സൂചനകളുണ്ട്.