കർണാടകയിലെ രാമമൂർത്തി നഗറിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്ത പഴക്കച്ചവടക്കാരന്‍ അറസ്റ്റിൽ. എൻ.ആർ.ഐ ലേഔട്ട് സ്വദേശിയായ വിജയ് രാഘവ് (42) ആണ് പിടിയിലായത്. ചിക്മംഗളൂരു സ്വദേശിനിയായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുടെ പരാതിയിലാണ് പൊലീസിന്‍റെ നടപടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ രാമമൂർത്തി നഗറില്‍ തന്‍റെ പേയിങ് ഗെസ്റ്റ് (പിജി) സൗകര്യത്തിന് പുറത്ത് ടാക്സിക്കായി കാത്തു നില്‍ക്കുകയായിരുന്നു യുവതി. ഈ സമയമത്രയും യുവതിയെ തുറിച്ചു നോക്കുകയായിരുന്നു പ്രതി. പിന്നാലെ യുവതി ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ‘നിന്‍റെ വിലയെത്രയാണ്, 10,000 രൂപ തരാം’ എന്ന് ചോദിച്ചു പ്രതി യുവതിയെ അപമാനിക്കാന്‍ തുടങ്ങി.

യുവതി ഈ സംഭാഷണം തന്‍റെ മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങിയതോടെ പ്രതി സ്കൂട്ടറുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. എങ്കിലും പ്രതിയുടെ മുഖവും വാഹനത്തിന്‍റെ നമ്പറും വിഡിയോയില്‍ പതിഞ്ഞിരുന്നു. അന്നേദിവസം രാവിലെ തന്നെ യുവതി ഈ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളില്‍‌ പോലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയാത്തതെന്താണ് എന്ന് യുവതി കുറിക്കുകയും സ്ത്രീകളുടെ സുരക്ഷയെ ചോദ്യം ചെയ്യുകയും ചെയ്തു. ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തായിരുന്നു യുവതിയുടെ പോസ്റ്റ്.

വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് യുവതിയുമായി ബന്ധപ്പെടുകയും ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, താൻ ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ സ്കൂട്ടര്‍ നിര്‍ത്തിയതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

പിജിക്ക് പുറത്ത് യുവതിയെ കണ്ടപ്പോള്‍ കൗതുകത്തോടെ താന്‍ നോക്കിയെന്ന് പ്രതി പറയുന്നു. പിന്നാലെ ഷോട്ട്സ് ധരിച്ച സ്ത്രീകളെ ഇതുവരെ കണ്ടിട്ടില്ലേ എന്ന് യുവതി ചോദിച്ചു. അതില്‍ പ്രകോപിതനായിട്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും പ്രതി വാദിക്കുന്നു. എന്നാൽ എന്തിന്‍റെ പേരിലായാലും ഒരു സ്ത്രീയോട് അവരുടെ വില ചോദിക്കുന്നതും പണം വാഗ്ദാനം ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ENGLISH SUMMARY:

A 26-year-old private firm employee in Bengaluru bravely fought back after being harassed by a 42-year-old fruit seller outside her paying guest accommodation in Ramamurthy Nagar during the early hours of Monday. When the woman questioned the man for staring at her, he offered her 10,000 rupees and asked for her price, prompting her to record the incident on her mobile phone before he fled. After she shared the video on social media, it went viral and led police to contact her, resulting in the prompt arrest of the accused despite his attempts to justify the exchange. Senior police officials confirmed that regardless of the preceding verbal argument, offering money and asking a woman her price constitutes a clear criminal offense.