കാനഡയിലെ സറെയിൽ വാടകക്കാരനെ നിരന്തരം ഉപദ്രവിച്ചെന്ന പരാതിയിൽ ഇന്ത്യൻ സ്ത്രീ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വാടകക്കാരനായ യുവാവ് പങ്കുവെച്ച വിഡിയോയിലൂടെയാണ് വീട്ടുടമസ്ഥയായ സ്ത്രീയുടെ ഉപദ്രവങ്ങൾ വൈറലായത്. വീട്ടിൽ ബാർബിക്യൂ ഉണ്ടാക്കുന്നതിനെച്ചൊല്ലി ഉൾപ്പെടെയുള്ള തർക്കങ്ങൾ വീട്ടുടമസ്ഥയും യുവാവും തമ്മിലുള്ള ഉണ്ടായിരുന്നതായാണ് പ്രചരിക്കുന്ന വിഡിയോകളിലുള്ളത്. 

വാടകക്കാരൻ ഒരു സുഹൃത്തിനൊപ്പം ബാർബിക്യൂ പാചകം ചെയ്യുമ്പോൾ തന്റെ വസ്തുവിൽ ബാർബിക്യൂ അനുവദിക്കില്ലെന്ന് പറഞ്ഞ് വീട്ടുടമസ്ഥ അത് നശിപ്പിക്കാൻ ശ്രമിക്കുന്ന വിഡിയോ യുവാവ് പങ്കുവെച്ചിട്ടുണ്ട്. തന്റെ വീട്ടിൽ ഗോമാംസം അനുവദിക്കുന്നില്ലെന്ന് വീട്ടുടമസ്ഥ പറയുന്നതായും വിഡിയോയിൽ ആരോപിക്കുന്നു. കാനഡയിലെയും ഇന്ത്യയിലെയും പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഈ വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട്.

മറ്റൊരു വിഡിയോയിൽ, വീട്ടുടമസ്ഥ വീടിനുള്ളിൽ കയറി വാടകക്കാരനെ കല്ലുകൊണ്ട് അടിക്കുകയും തുടർന്ന് ആക്രമിക്കുകയും ചെയ്യുന്നത് കാണാം. ആ വീഡിയോയിൽ, താൻ പൊലീസിനെ വിളിച്ചിട്ടുണ്ടെന്ന് വാടകക്കാരൻ പറയുന്നുണ്ട്. വീട്ടുടമസ്ഥ മനഃപൂർവ്വം വൈദ്യുതി വിച്ഛേദിച്ചതായും വാടകക്കാരൻ അവകാശപ്പെട്ടു. 

വീട്ടുടമസ്ഥയായ സ്ത്രീയെ പൊലീസുകാർ അറസ്റ്റ് ചെയ്ത്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ഇതേ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്ന പെരുമാറ്റമാണ് സ്ത്രീയിൽ നിന്ന് ഉണ്ടായേക്കുന്നതെന്നാണ് പലരും പ്രതികരിക്കുന്നത്. തങ്ങളും അതേ സ്ഥലത്ത് താമസിച്ചിരുന്നുവെന്നും ആ സ്ത്രീയിൽ നിന്നും ഇത്തരം അനുഭവങ്ങൾ മുൻപും നേരിട്ടിട്ടുണ്ടെന്നും ചില കമന്റുകളിൽ ആളുകൾ അവകാശപ്പെടുന്നുമുണ്ട്. 

ENGLISH SUMMARY:

Canada landlord arrest details are emerging after an Indian woman in Surrey was arrested for allegedly harassing her tenant. Viral videos shared on Instagram by the tenant showcased the homeowner's abusive behavior, sparking widespread concern and condemnation.