Image: facebook.com/ImKajalAggarwal
നേരില്‍ കാണുമ്പോള്‍ ആരാധകര്‍ പ്രകടിപ്പിക്കുന്ന സ്നേഹവും പിന്തുണയും പലപ്പോഴും താരങ്ങൾക്ക് സന്തോഷം നൽകാറുണ്ടെങ്കിലും ചിലപ്പോഴൊല്ലാം അവരുടെ പെരുമാറ്റം അതിരുവിടാറുണ്ട് . അത്തരത്തിൽ ഒരു സിനിമ സെറ്റിലുണ്ടായ മോശമായ അനുഭവം തുറന്നുപറയുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ നടി കാജൽ അഗർവാൾ. താൻ വിശ്രമിക്കുകയായിരുന്ന കാരവാനിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിയ അസിസ്റ്റന്റ് ഡയറക്ടറുടെ പ്രവൃത്തിയാണ് താരത്തെ ഭയപ്പെടുത്തിയത്.
ഷൂട്ടിങ് കഴിഞ്ഞു കാരവാനിൽ വിശ്രമിക്കുമ്പോഴാണ് ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ഒരാൾ യാതൊരു അനുവാദവുമില്ലാതെ അകത്തേക്ക് കയറിവന്നത്. തുടർന്ന് പെട്ടെന്ന് തന്‍റെ ഷർട്ട് ഊരിമാറ്റിയ അയാള്‍ തന്‍റെ മാറിൽ പച്ചകുത്തിയിരുന്ന കാജലിന്‍റെ പേര് കാണിക്കുകയായിരുന്നു. ഈ അപ്രതീക്ഷിത സംഭവത്തിൽ താൻ വല്ലാതെ ഭയന്നുപോയെന്നും തന്‍റെ കൈകാലുകൾ വിറയ്ക്കുകയായിരുന്നുവെന്നും കാജൽ എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കുറച്ച് ദിവസങ്ങൾക്ക് മുന്‍പ്, ഒരു സിനിമയുടെ സെറ്റില്‍ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ എന്‍റെ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. ആ സമയം, ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന ഒരാൾ പെട്ടെന്ന് അനുവാദം ചോദിക്കാതെ എന്‍റെ കാരവാനിലേക്ക് കയറി വന്നു. അയാൾ ഉടൻ തന്നെ തന്‍റെ ഷർട്ട് ഊരിമാറ്റി, നെഞ്ചിൽ എന്‍റെ പേര് ടാറ്റൂ ചെയ്തത് കാണിച്ചുതന്നു. സത്യത്തില്‍ ഞാൻ ഞെട്ടിപ്പോയി, എന്‍റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു’– കാജല്‍ പറഞ്ഞു.
തന്‍റെ പേര് പച്ചകുത്തിയത് ആരാധന കൊണ്ടാണെങ്കിലും ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുന്ന സ്ഥലത്തേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിയത് തികച്ചും അനുചിതവും അസ്വീകാര്യവുമായ പെരുമാറ്റമാണെന്നും നടി വ്യക്തമാക്കി. എത്ര വലിയ ആരാധകനായാലും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ക്രിമിനൽ കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി താന്‍ അയാളെ പുറത്താക്കുകയായിരുന്നുവെന്നും കാജൽ കൂട്ടിച്ചേർത്തു.
2004-ൽ പുറത്തിറങ്ങിയ 'ക്യൂൻ! ഹോ ഗയാ നാ' എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കാജൽ, എസ്.എസ്.രാജമൗലിയുടെ 'മഗധീര'യിലൂടെയാണ് താരപദവിയിലേക്കുയരുന്നത്. പിന്നീട് 'ഡാർലിങ്', 'ആര്യ ടു', 'സിങ്കം', 'സ്പെഷൽ 26' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി. നിലവില്‍ തന്റെ പുതിയ ചിത്രമായ 'ദ ഇന്ത്യ സ്റ്റോറി'യുടെ റിലീസ് തിരക്കുകളിലാണ് കാജല്‍.