സിംബാബ്‍വെയ്ക്ക് എതിരായ നിര്‍ണായക മത്സരത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. പിതാവിന്‍റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് റിങ്കു സിങ് വീട്ടിലേക്ക് മടങ്ങി. റിങ്കു സിങിന്‍റെ പിതാവ് ഖാൻചന്ദ് സിങ് കരള്‍ രോഗത്തിന് ചികിത്സയിലാണെന്നാണ് വിവരം. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതാണ് താരം വീട്ടിലേക്ക് മടങ്ങാന്‍ കാരണമെന്നാണ് വിവരം.
സിംബാബ്‍വെയ്ക്ക് എതിരെ 220 അടിക്കണം; പവര്‍പ്ലേയില്‍ വേണം പവര്‍ ഷോട്ട്; ഇന്ത്യയുടെ സാധ്യത ഇങ്ങനെ
ഇന്ന് വൈകീട്ട് അഞ്ചരയോടെ ഇന്ത്യന്‍ ടീം ചെന്നൈയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ റിങ്കു സിങ് പരിശീലനത്തിന് എത്തിയില്ല. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിച്ച താരമാണ് റിങ്കു സിങ്. അതേസമയം താരം എന്ന് ടീമിനൊപ്പം ചേരുമെന്നതില്‍ വ്യക്തതയില്ല. റിങ്കു സിങ് കളിച്ചില്ലെങ്കില്‍ പകരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കാതിരുന്ന അകസര്‍ പട്ടേല്‍ ടീമിലേക്ക് എത്താനാണ് സാധ്യത.
അഹമ്മദാബാദിലെ മത്സര ശേഷം റിങ്കു സിങ് ടീമിനൊപ്പം ചെന്നൈയിലെത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നിലവില്‍ വെന്‍റിലേറ്റര്‍ സഹായത്തിലാണ് റിങ്കു സിങിന്‍റെ പിതാവ്. ഒരു വര്‍ഷം മുന്‍പാണ് അസുഖം കണ്ടെത്തിയതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം നിര്‍ത്തിയിരുന്നു. അന്നുമുതൽ നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം നെറ്റ്സില്‍ ഇന്ത്യന്‍ ടീം സാധാരണ രീതിയില്‍ പരിശീലനം നടത്തി. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവര്‍ നെറ്റ്സില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്തു. അഭിഷേക് ശര്‍മ പന്തെറിഞ്ഞ ശേഷമാണ് ബാറ്റിങിനെത്തിയത്. അർഷ്ദീപ് സിങും മുഹമ്മദ് സിറാജും ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാർക്കായി പന്തെറിഞ്ഞു.