Image credit: PTI

Image credit: PTI

ഈ ട്വന്‍റി 20 ലോകകപ്പിന്‍റെ സൂപ്പര്‍താരമാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന താരമാണ് അഭിഷേക് വര്‍മ. പക്ഷേ ടൂര്‍ണമെന്‍റില്‍ കളിച്ച മൂന്ന് മല്‍സരത്തിലും പൂജ്യത്തിന് പുറത്താകാനായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ വിധി. നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ താരം കളിച്ചതുമില്ല. പോരാട്ടം സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ അഭിഷേക് ശര്‍മയെ കുറിച്ച് ആശങ്കയും ഒപ്പം വിമര്‍ശനങ്ങളും ആരാധകരും മുന്‍താരങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. എന്നാല്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്ന നിലപാടാണ് താരത്തിന്‍റേത്. ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെന്നതിന്‍റെ പേരില്‍ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അഭിഷേക് സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഷോട്ട് സിലക്ഷനിലാണ് അഭിഷേകിന് പിഴയ്ക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. 

' എന്‍റെ ബാറ്റിങ് ഞാന്‍ ആസ്വദിക്കുകയാണ് ചെയ്യുന്നത്. പുറത്ത് നിന്നുള്ള സമ്മര്‍ദത്തെ ഉള്ളിലേക്ക് എടുക്കുന്നത് ഞാന്‍ രണ്ട് വര്‍ഷം മുന്‍പ് അവസാനിപ്പിച്ചു. ഈ പ്രോസസിലാണ് ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്നതെന്താണോ അത് തന്നെ തുടരാന്‍ ആണ് തീരുമാനം'- താരം കൂട്ടിച്ചേര്‍ത്തു. ബാറ്ററുടെ കരിയറില്‍ ഉയര്‍ച്ചയെന്നത് പോലെ താഴ്ചയുമുണ്ടാകുമെന്നും ഫോമിനെ കുറിച്ച് താന്‍ ആശങ്കപ്പെടുന്നില്ലെന്നും അഭിഷേക് പറയുന്നു. 'സമ്മര്‍ദം ഉള്ളിലേക്ക് എടുക്കുന്നത് എനിക്കൊട്ടും താല്‍പര്യമില്ലാത്ത കാര്യമാണ്. ബാറ്ററാകുമ്പോള്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ചില ഇന്നിങ്സുകളില്‍ കളിക്കും മറ്റു ചിലപ്പോള്‍ അത് സാധിക്കില്ല. എനിക്കിങ്ങനെ കളിക്കണമെന്ന് മനസില്‍ നിശ്ചയിച്ചുറപ്പിച്ചിട്ടാണ് കളിക്കാനിറങ്ങുന്നത്. അത് ചിലപ്പോള്‍ ഫലവത്താകും. ചിലപ്പോള്‍ പാളും. പക്ഷേ അതുകൊണ്ട് ആ നിശ്ചയിച്ചുറപ്പിച്ച തീരുമാനത്തില്‍ നിന്ന് പിന്‍വലിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല– അഭിഷേക് നയം  വ്യക്തമാക്കി. 

ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിങ് മല്‍സരത്തില്‍ യുഎസ്എയ്ക്കെതിരെ അഭിഷേക് ആദ്യ പന്തില്‍ തന്നെ പുറത്തായി.  പിന്നാലെ ശരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ പുറത്തിരുന്നു. മൂന്നാമത്തെ മല്‍സരത്തില്‍ ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയ താരം പാക്കിസ്ഥാനെതിരെയും നെതര്‍ലന്‍ഡ്സിനെതിരെയും പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇഷാന്‍ കിഷന്‍റെ തകര്‍പ്പന്‍ പ്രകടനവും സൂര്യകുമാറിന്‍റെയും ഹാര്‍ദികിന്‍റെയും ദുബെയുടെയും മികച്ച പിന്തുണയും ചേര്‍ന്നാണ് ഗ്രൂപ്പ് മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. 

ENGLISH SUMMARY:

Indian opener and T20 World No. 1 batter Abhishek Sharma has addressed the intense criticism following his poor run in the T20 World Cup 2026. Despite recording three consecutive ducks against the USA, Pakistan, and the Netherlands, Abhishek stated in an interview with Star Sports that he has no plans to alter his aggressive batting approach. He emphasized his belief in the 'process' and mentioned that he stopped letting outside pressure affect him years ago. While fans and former players have questioned his shot selection, Abhishek maintains that fluctuations in form are natural for any cricketer. As India enters the Super 8 stage, the young star remains confident in his natural game and is determined to deliver for the team without succumbing to pressure.