Image Credit: PTI

Image Credit: PTI

സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ പോരാട്ടം ഇന്ന് നടക്കാനിരിക്കെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന് സൂചന. ഫോം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന തിലക് വര്‍മയ്ക്ക് പകരം സഞ്ജു സാംസണ്‍ കളിക്കുമെന്നും അതല്ല, അഭിഷേകിന് പകരം ഇറങ്ങിയേക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ സഞ്ജു ദീര്‍ഘനേരം പരിശീലനം നടത്തിയതോടെ ഈ അഭ്യൂഹം ശക്തിപ്പെടുകയും ചെയ്തു.

ട്വന്‍റി 20 ലോകകപ്പില്‍ ഇതുവരെയും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ തിലക് വര്‍മയ്ക്ക് കഴിഞ്ഞില്ല. നാല് മല്‍സരങ്ങളില്‍ നിന്നായി 106 റണ്‍സാണ് തിലകിന്‍റെ സമ്പാദ്യം. അതും 120.45 സ്ട്രൈക്ക് റേറ്റില്‍. 141 പ്ലസ് ആയിരുന്നു തിലകിന്‍റെ മുന്‍പത്തെ സ്ട്രൈക്ക് റേറ്റ്. മൂന്ന് സിക്സുകളും 11 ഫോറുകളും മാത്രമാണ് തിലകിന് ഇത്തവണ നേടാനായത്. ആശങ്കയുളവാക്കുന്നതാണ് തിലക് വര്‍മയുടെ ഫോം എങ്കിലും തിലകിനെ പുറത്തിരുത്തില്ലെന്ന നിലപാടാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പങ്കുവച്ചത്. 

തിലകിന്‍റെ മെല്ലെപ്പോക്കാണ് മധ്യ ഓവറുകളില്‍ റണ്‍സ് കുറയാന്‍ കാര്യമെന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് സമ്മര്‍ദത്തെയും സാങ്കേതിക പ്രശ്നങ്ങളെയും കുറിച്ച് സൂര്യകുമാര്‍ തുറന്ന് സംസാരിച്ചത്. പ്രതീക്ഷകള്‍ വാനോളമാണെങ്കിലും വിക്കറ്റ് വീഴാതെ നോക്കേണ്ടതുണ്ടെന്നും അത്ര എളുപ്പമല്ല കാര്യങ്ങളെന്നും സൂര്യ പറയുന്നു. തിലക് ശരിയാകുന്നില്ലല്ലോ എന്ന് ചോദ്യം വന്നതോടെ 'തിലക് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചോ, അതുപോലെയാണ്  ബാറ്റ് ചെയ്യുന്നത്. ഒന്നിലേറെ വിക്കറ്റ് വീണാല്‍ അടിച്ച് കളിക്കുന്നതില്‍ നിന്ന് തിലക് വര്‍മയ്ക്ക് പിന്‍വലിയേണ്ടി വരും. കാരണം പിന്നെ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയെടുത്ത ശേഷം വേണം മുന്നോട്ട് പോകാന്‍'– സൂര്യ മറുപടി നല്‍കി.

അതേസമയം, തിലകിന്‍റെ ഇപ്പോഴത്തെ പ്രകടനത്തില്‍ താരം തന്നെ തൃപ്തനാണെന്ന് താന്‍ കരുതുന്നില്ലെന്നും തിലക് കഠിന പരിശീലനം തുടരുന്നുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു. 'തിലകിന്‍റെ കാര്യത്തില്‍ ഒരു ആശങ്കയും എനിക്കില്ല. മൂന്നാമനായാണ് തിലക് ഇറങ്ങുന്നത്. ആ സ്ഥാനത്ത് ശോഭിക്കാന്‍ കഴിയുമെന്ന് എനിക്ക് തികഞ്ഞ പ്രതീക്ഷയുണ്ട്' എന്നും സൂര്യകുമാര്‍ വ്യക്തമാക്കി. തിലകിനെ മാറ്റില്ലെന്നാണോ പറഞ്ഞുവരുന്നതെന്ന ചോദ്യം ഉയര്‍ന്നതോടെ, 'തിലകിന് പകരം ഞാന്‍ സഞ്ജുവിനെ ഇറക്കണമെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്' എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് സൂര്യയുടെ പ്രതികരണം. നോര്‍മല്‍ ക്രിക്കറ്റില്‍ പവര്‍പ്ലേയില്‍ അത് പരീക്ഷിക്കാം. 40–50 റണ്‍സെടുക്കും.  മറ്റ് കളികളില്‍ അത് സാധ്യമാണ്. 220,240,250 ഒക്കെ സ്കോര്‍ ചെയ്യണമെന്ന് നമുക്ക് ആഗ്രഹമുണ്ടാകും, നമ്മള്‍ പ്രതീക്ഷിക്കും. പക്ഷേ ഇവിടെ വിക്കറ്റ് വേറെയാണ്. ഇതുവരെ കളിച്ച നാല് വിക്കറ്റുകളും ഒന്നിനൊന്ന് വ്യത്യസ്തവും വെല്ലുവിളി ഉയര്‍ത്തുന്നതുമായിരുന്നു. ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്‍പ് പന്തെറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോള്‍ അത് മാറി. അതൊക്കെ മനസില്‍ കണ്ടാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ട് തയാറെടുപ്പ്'- സൂര്യകുമാര്‍ യാദവ് വിശദീകരിച്ചു. 

വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക മല്‍സരം. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ 11 വിക്കറ്റ് വീഴ്ത്തിയത് ഓഫ് സ്പിന്നര്‍മാരാണെന്നതാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

ENGLISH SUMMARY:

India kicks off its T20 World Cup 2026 Super 8 campaign against South Africa today, February 22, at the Narendra Modi Stadium in Ahmedabad. Ahead of the high-stakes clash, speculation regarding Sanju Samson replacing an out-of-form Tilak Varma has gained momentum. Tilak has managed only 106 runs in four matches with a sluggish strike rate of 120.45. While Sanju Samson was seen having an intense net session at the center wicket, Captain Suryakumar Yadav backed Tilak in the pre-match press conference, emphasizing tactical roles over individual strike rates. The captain hinted at maintaining the team's identity while adapting to the unique Ahmedabad pitch conditions.