Image Credit: AFP

Image Credit: AFP

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ കൂറ്റന്‍ തോല്‍വിയുടെ ക്ഷീണം പാക്കിസ്ഥാനെ വിട്ടുമാറിയിട്ടില്ല. നമീബിയയ്ക്കെതിരായ കഴിഞ്ഞകളിയില്‍ താരങ്ങള്‍ക്കെതിരെ ഇതിന്‍റെ ഭാഗമായുള്ള നടപടിയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബാബര്‍ അസമിനെ ബാറ്റിങിന് ഇറക്കിയിരുന്നില്ല. ഷഹീന്‍ അഫ്രീദിയും പുറത്തിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെയുള്ള അപ്രഖ്യാപിത 'ശിക്ഷ'യാണിതെന്ന് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് പാക് കോച്ച് മൈക്ക് ഹെസന്‍ പറയുന്നത്.  

ഇന്ത്യയ്ക്കെതിരെ വെറും അഞ്ച് റണ്‍സായിരുന്നു ബാബര്‍ അസമിന്‍റെ സംഭാവന. ഷഹീന്‍ അഫ്രീദിയാവട്ടെ തന്‍റെ അവസാന ഓവറില്‍ മാത്രം 15 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ' പ്രകടനം മോശമായതിന്‍റെ പേരിലാണ് ഇരുവരും നമീബിയയ്ക്കെതിരെ കളിക്കാതിരുന്നതെന്ന് ഞാന്‍ പറയില്ല. പേസര്‍ സല്‍മാന്‍ മിശ്രയ്ക്ക് അവസരം നല്‍കിയതാണ്. അദ്ദേഹം അത് അര്‍ഹിച്ചിരുന്നു'- എന്നും ഹെസന്‍ കൂട്ടിച്ചേര്‍ത്തു. 

ബാബര്‍ അസമിന്‍റെ സ്ട്രൈക്ക് റേറ്റ് പോരെന്നും അടിച്ചു കളിക്കേണ്ട പവര്‍പ്ലേയില്‍ മെല്ലെപ്പോയാല്‍ എന്ത് ചെയ്യുമെന്നുമാണ് ഹെസന്‍ ചോദ്യമുയര്‍ത്തുന്നത്. 'ലോകകപ്പില്‍ തന്‍റെ സ്ട്രൈക്ക് റേറ്റ് 100  ല്‍ താഴെയാണെന്ന് ബാബര്‍ അസമിന് നന്നായി അറിയാം. അതല്ല ടീമിന് വേണ്ടത്. മധ്യനിരയില്‍ ബാബറിന് കുറച്ചുകൂടി തിളങ്ങാനാവും' എന്നായിരുന്നു ഹെസന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബാബര്‍ അസമിനെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയതും ഷഹീന്‍ അഫ്രീദിയെ പുറത്തിരുത്തിയതും തന്ത്രപരമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചത്. ഷാബിബ്സാദ ഫര്‍ഹാന്‍റെ സെഞ്ചറിക്കരുത്തിലാണ് നമീബിയയെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. ബാബറിന് പകരം ഷദബ്ഖാനാണ് നമീബിയയ്ക്കെതിരെ കളിക്കാനിറങ്ങിയത്. 

അതേസമയം, ഇന്ന് ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. കൊളംബോയില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡിനെ നേരിയും. ഗ്രൂപ്പ് ഘട്ടങ്ങളിലുടനീളം സ്പിന്നര്‍മാരുടെ കരുത്തിലാണ് പാക്കിസ്ഥാന്‍ മുന്നേറിയത്. പ്രേമദാസയില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബോളര്‍മാരെ എങ്ങനെ കിവീസ് നേരിടുമെന്നതിനെ ആശ്രയിച്ചാവും മല്‍സരഫലം. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായിരുന്നു ഗ്രൂപ്പ് മല്‍സരങ്ങളില്‍ കിവീസിനെ ചുമലിലേറ്റിയത്. വൈകിട്ട് ഏഴുമണിക്കാണ് മല്‍സരം. 

ENGLISH SUMMARY:

Pakistan head coach Mike Hesson has clarified the absence of Babar Azam and Shaheen Afridi in the match against Namibia following the team's crushing defeat to India in the T20 World Cup 2026. While rumors suggested a disciplinary 'punishment' for the duo, Hesson stated that the changes were tactical, aimed at balancing the strike rate and giving opportunities to players like Salman Mishra. Hesson pointed out Babar Azam's strike rate, which fell below 100 during the World Cup, as a significant concern for the team's powerplay strategy. Pakistan managed to secure a win against Namibia thanks to Sahibzada Farhan's brilliant century. As Pakistan prepares for their crucial Super 8 clash against New Zealand in Colombo, the focus remains on whether the senior duo will return to the playing XI. The match is scheduled at Premadasa Stadium, known for favoring spinners.