• ലോകകപ്പിന് എത്താത്തതില്‍ ബംഗ്ലദേശിന് നിരാശ
  • സ്പോര്‍ട്സ് ഉപദേശകനെതിരെ കോച്ച്
  • കളിക്കാരുടെ ഭാവി നശിപ്പിച്ചു, വിമര്‍ശനം

ട്വന്റി20 ലോകകപ്പില്‍ കളിക്കേണ്ടെന്ന നിലപാടെടുത്തതില്‍ മുന്‍ സ്പോര്‍ട്സ് ഉപദേശകനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ബംഗ്ലദേശ് സീനിയര്‍ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് സലാഹുദ്ദിന്‍. ബംഗ്ലദേശ് ടീമിലെ രണ്ടു കളിക്കാര്‍ക്ക് ഈ തീരുമാനം വലിയ മെന്റല്‍ കോമയാണ് ഉണ്ടാക്കിയതെന്ന് സലാഹുദ്ദിന്‍ പറയുന്നു. ഇന്ത്യന്‍ മണ്ണിലെ സുരക്ഷാ ആശങ്കകളെത്തുടര്‍ന്നാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നായിരുന്നു ബംഗ്ലദേശിന്റെ അവകാശവാദം. 

സ്പോര്‍ട്സ് ഉപദേശകന്‍ ആസിഫ് നസ്റുളാണ് ഈ നിലപാടിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ബംഗ്ലദേശിന്റെ വാദം. തുടര്‍ന്നാണ് ബംഗ്ലദേശിനു പകരം സ്കോട്‌ലന്‍ഡ് ഗ്രൂപ് സിയില്‍ ഇടം നേടിയത്. ഫെബ്രുവരി 23ന് ആരംഭിക്കുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയാണ് സലാഹുദ്ദീന്റെ പ്രസ്താവന. യുവ ക്രിക്കറ്റര്‍മാരുടെ സ്വപ്നം തകര്‍ക്കുന്ന നിലപാടെടുത്തുവെന്നാണ് ഉപദേശകന്‍ ആസിഫ് നസ്റുളിനെക്കുറിച്ച് സലാഹുദ്ദീന്റെ ആരോപണം. 

അഞ്ചു ദിവസത്തോളമായി മെന്റല്‍ കോമയിലാണ് തന്റെ രണ്ട് ടീമംഗങ്ങളെന്ന് സലാഹുദ്ദീന്‍ പറയുന്നു. ലോകകപ്പില്‍ കളിക്കുക എന്നത് ഒരു സ്വപ്നമാണ്. 27 വര്‍ഷത്തോളമായി വളര്‍ത്തിയ സ്വപ്നം ഒറ്റ സെക്കന്റില്‍ നസ്റുള്‍ തകര്‍ത്തു കളഞ്ഞു,  ഇത് ദേശീയ താല്‍പര്യത്തിനായിരുന്നെങ്കില്‍ കളിക്കാര്‍ അത് ത്യജിക്കാന്‍ തയാറാണ്, പക്ഷേ കാരണം പോലും വ്യക്തമല്ലാത്ത ഈ തീരുമാനം കളിക്കാരില്‍ വ്യക്തിപരമായ നഷ്ടം മാത്രമാണ് ഉണ്ടാക്കിയതെന്നും സലാഹുദ്ദീന്‍ പറയുന്നു. 

ഇന്ത്യയില്‍ പോയി കളിക്കില്ലെന്നത് ആദ്യം ബംഗ്ലദേശ് സര്‍ക്കാറിന്റെ തീരുമാനമാണെന്നാണ് നസ്റുള്‍ പറഞ്ഞത്, എന്നാല്‍ ആ നിലപാടില്‍ നിന്നും യുടേണെടുത്ത് തീരുമാനം കളിക്കാരുടേയും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍‍ഡിന്റേതുമാണന്ന് പറഞ്ഞു, രാജ്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നായിരുന്നു പിന്നെ വന്ന വാദം, കള്ളങ്ങള്‍ പടച്ചുവിടുകയായിരുന്നു നസ്റുള്‍ എന്നും സലാഹുദ്ദീന്‍ വിമര്‍ശിച്ചു. താനൊരു അധ്യാപകനാണെന്നും കുട്ടികളുടെ മുഖത്ത് എങ്ങനെ നോക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പരിതപിക്കുന്നു. 

ധാക്കയും ന്യൂഡല്‍ഹിയും തമ്മില്‍ സമീപകാലത്ത് പ്രത്യക്ഷമായ ദേശീയ രാഷ്ട്രീയ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ബംഗ്ലദേശ് ലോകകപ്പില്‍ നിന്നും വിട്ടുനിന്നതെന്നാണ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട്. ബംഗ്ലദേശിന്റെ മുൻനിര ഫാസ്റ്റ് ബൗളർ മുസ്താഫിസുര്‍ റഹ്മാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയ സംഭവവും ഈ തീരുമാനത്തിനു കാരണമായി,  ബിസിസിഐയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു ഈ നീക്കമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.  

ഇത്തവണ ലോകകപ്പിനെത്താത്ത സാഹചര്യത്തില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ‘ഒദൊമ്മോ ടി20 കപ്പ്’ എന്ന പേരില്‍ ഒരു പുതിയ ആഭ്യന്തര ടൂർണമെന്റും ആരംഭിച്ചിട്ടുണ്ട്. 

Bangladesh Cricket Team's T20 World Cup Withdrawal Sparks Controversy:

Bangladesh cricket faced controversy after withdrawing from the T20 World Cup due to security concerns. This decision by the former sports advisor has been heavily criticized for its impact on players' morale and shattered dreams.