Image Credit:X

ക്രിക്കറ്റ് മല്‍സരം നടക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ അംപയര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഉന്നാവിലെ സപ്രു സ്റ്റേഡിയത്തിലാണ് സംഭവം. മാണിക് ഗുപ്തയാണ് തേനീച്ചക്കുത്തേറ്റ് മരിച്ചത്. കാണ്‍പുര്‍ ക്രിക്കറ്റ് അസോസിയേഷനിലെ പ്രമുഖനായ അംപയറായിരുന്നു മാണിക്. 

ഡ്രിങ്സിനുള്ള ഇടവേള സമയത്ത് സഹ അപംയറുമായി സംസാരിച്ച് കൊണ്ടിരിക്കവേയാണ് തേനീച്ചക്കൂട്ടം ഇളകിയെത്തി ആക്രമിച്ചതെന്ന് മാണികിന്‍റെ സഹോദരന്‍ അമിത് കുമാര്‍ ഗുപ്ത എഎന്‍ഐയോട് വെളിപ്പെടുത്തി. കുത്തേറ്റ് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മാണിക് മറിഞ്ഞു വീഴുകയും തേനീച്ചക്കൂട്ടം പൊതിയുകയുമായിരുന്നു. 

സംഭവ സമയത്ത് മാണിക് ആയിരുന്നില്ല മല്‍സരം നിയന്ത്രിച്ചത്. മാണികിന്‍റെ മല്‍സരം പൂര്‍ത്തിയായിരുന്നു. തന്നോട് സംസാരിക്കുന്നതിനായി എത്തിയതായിരുന്നു മാണികെന്ന് സുഹൃത്തായ ജഗദീഷ് ശര്‍മ വെളിപ്പെടുത്തി. ' ഡ്രിങ്ക്സ് ബ്രേക്കിനിടെ ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരുകൂട്ടം തേനീച്ചകള്‍ പാഞ്ഞെത്തിയത്. രക്ഷപെടാന്‍ ഓടിയെങ്കിലും മാണിക് ഭായ് നിലത്ത് വീണു. എല്ലാവരെയും തേനീച്ചകള്‍ ഓടിച്ചിട്ട് കുത്തി. പക്ഷേ മാണികിന് കുറച്ചധികം കുത്തേറ്റു'- എന്നും അദ്ദേഹം വിശദീകരിച്ചു. 

ക്രിക്കറ്റിനായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മാണികിന്‍റേതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ദീര്‍ഘമായ 30 വര്‍ഷത്തോളം അംപയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാണികിന്‍റെ നിര്യാണം ദൗര്‍ഭാഗ്യകരമാണെന്ന് കാണ്‍പുര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചു.

ENGLISH SUMMARY:

In a tragic incident at Sapru Stadium in Unnao, Uttar Pradesh, veteran cricket umpire Manik Gupta passed away after being swarmed and stung by a colony of bees. The incident occurred during a drinks break when Gupta was conversing with fellow officials after completing his match. While others managed to escape, Gupta reportedly tripped while running, leading the bees to overwhelm him. He was a highly respected figure in the Kanpur Cricket Association with over 30 years of experience in officiating matches. Despite being rushed for medical help, he succumbed to the injuries caused by multiple stings. The Kanpur Cricket Association expressed deep condolences, labeling his death a great loss to the local cricket community. This freak accident has raised concerns about stadium safety protocols during insect swarms