നെതര്‍ലന്‍ഡ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് അജയ്യരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും ശിവം ദുബെ രണ്ടു വിക്കറ്റുമെടുത്തു. 66 റണ്‍സെടുത്ത ദുബെയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍‌ സമ്മാനിച്ചത്. ദുബെയാണ് മത്സരത്തിലെ താരം. 

ഓപ്പണര്‍മാരായ മൈക്കൽ ലെവിറ്റ് (24), മാക്‌സ് ഒഡോവ്ഡ് (20) എന്നിവര്‍ നെതര്‍ലന്‍ഡ്സിന് മികച്ച തുടക്കം നല്‍കി. പിന്നീട് വന്ന ബാസ് ഡിലീഡ് (33), കോളിൻ അകെർമാൻ (23) എന്നിവരും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. എന്നാൽ 94 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ വീണത് നെതര്‍ലന്‍ഡിന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ നെതര്‍ലന്‍ഡ്സ് മികച്ച രീതിയില്‍ ബാറ്റു വീശിയെങ്കിലും വിജയത്തിലേക്ക് എത്താനായില്ല. 

ഓപ്പണിങില്‍ അഭിഷേക് ശര്‍മയെ പൂജ്യത്തിന് നഷ്ടമായ ഇന്ത്യയ്ക്കായി തിലക് വര്‍മ (31)യും സൂര്യകുമാര്‍ യാദവും (34) മികച്ച രീതിയില്‍ ബാറ്റു ചെയ്തു. അവസാന സമയത്ത് ഹാർദിക് പാണ്ഡ്യ (30)യും ശിവം ദുബൈ (66)യും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യന്‍ ഇന്നിങ്സ് 163 ലെത്തിയത്. . 25 പന്തുകളിലാണ് ശിവം ദുബെ അർധസെഞ്ചറി പിന്നിട്ടത്. നെതര്‍ലന്‍ഡ്സിനായി ലോഗൻ വാൻ ബീക്ക് മൂന്നു വിക്കറ്റ് വീഴ്ത്തി

ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി. എട്ടു പോയന്റുമായാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടക്കുന്നത്. 22-ാം തീയതി ദക്ഷിണാഫ്രിക്കയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ എതിരാളി.

ENGLISH SUMMARY:

India has secured a spot in the Super 8 of the T20 World Cup undefeated after a convincing victory over the Netherlands. The Indian team posted a formidable score, and their bowlers delivered a strong performance to restrict the Netherlands' chase.