Image Credit:x

ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശി ഇത്തവണ 10-ാം തരം പരീക്ഷ എഴുതില്ല. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയാണ് വൈഭവ് ഒഴിവാക്കുന്നത്. തിരക്കേറിയ പരീശീലനവും ക്രിക്കറ്റ് ക്യാംപുമാണ് പരീക്ഷ എഴുതാതിരിക്കാനുള്ള കാരണം. 14 കാരനായി വൈഭവ് അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു. 

ബിഹാറിലെ താജ്പൂര്‍ സ്വദേശിയായ 14 കാരന്‍ വൈഭവ് മോഡസ്റ്റി സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിയാണ്. പരീക്ഷ ഫോം സമര്‍പ്പിച്ച ശേഷം പരീക്ഷയ്ക്കുള്ള വൈഭവിന്‍റെ അഡ്മിറ്റ് കാര്‍ഡും കൈപ്പറ്റിയിരുന്നു. വൈഭവിനായി പോദര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നത്. വേണ്ട ഒരുക്കങ്ങളും നടത്തി. ഇതിനു ശേഷമാണ് പരീക്ഷയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം. 

ക്രിക്കറ്റുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നാല്‍ പരീക്ഷ തയ്യാറെടുപ്പുകളെ ബാധിച്ചു. തുടര്‍ന്ന് പിതാവ് സഞ്ജീവ് സൂര്യവംശിയുമായി സംസാരിക്കുകയും ഇത്തവണ പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ഈയിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഫൈനലില്‍ സെഞ്ചറി പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു, ലോകകപ്പില്‍ 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്‍റെ ഇന്നിങ്സാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായത്. 15 ഫോറും 15 സിക്സറും സഹിതമായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട്. അണ്ടര്‍ 19 ലോകകപ്പിലും ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും തകര്‍ത്തടിക്കുന്ന സൂര്യവംശിക്ക് 14 ന്‍റെ ചെറുപ്പാണ്. 2011 മാര്‍ച്ച് 27 ന് ജനിച്ച വൈഭവിന് അടുത്ത മാസമാണ് 15 പൂര്‍ത്തിയാകുന്നത്.

ENGLISH SUMMARY:

Vaibhav Suryavanshi, a young Indian cricketer and member of the U19 World Cup-winning team, has decided to skip his 10th-grade board exams this year due to his demanding cricket schedule. His exceptional performance in the U19 World Cup final, where he scored a century, has been highlighted as a significant achievement.