Image Credit: ANI

Image Credit: ANI

ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷയാണ് അഭിഷേക് ശര്‍മ. തുടക്കത്തിലേ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് പക്ഷേ കടുത്ത നിരാശയായിരുന്നു ഫലം. യുഎസ്എയ്​ക്കെ​തിരെ കളിക്കാനിറങ്ങിയ താരം  പൂജ്യത്തിന് പുറത്തായി. കടുത്ത ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫീല്‍ഡിങിന് ഇറങ്ങാനും കഴിഞ്ഞില്ല. അഭിഷേകിന് നമീബിയയ്ക്കെതിരായ ഇന്നത്തെ മല്‍സരവും നഷ്ടപ്പെടുമെന്നാണ് സൂചന.

സത്യത്തില്‍ അഭിഷേകിന് എന്താണ് സംഭവിച്ചത്? വാങ്കഡെയിലെ കളി നടക്കുന്നതിന് തലേ ദിവസം നെറ്റ്സിലെ പരിശീലനത്തിന് പിന്നാലെ അഭിഷേക് എന്തോ ഭക്ഷണം വാങ്ങി കഴിച്ചു. അത് വയറില്‍ അണുബാധയുണ്ടാക്കി. ഇതും വച്ച് താരം കളിക്കാന്‍ ഇറങ്ങിയെങ്കിലും ക്രീസില്‍ നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. വയറിലെ അണുബാധ കൂടിയതും കാലാവസ്ഥയിലെ മാറ്റവും കൂടിയായപ്പോള്‍ കടുത്ത പനിയും ബാധിച്ചു. നിര്‍ജലീകരണവും സംഭവിച്ചതോടെ താരം തളര്‍ന്നു. ഇതോടെയാണ് ആശുപത്രിയില്‍ എത്തിയത്. അതിവേഗത്തില്‍ താരത്തിന്‍റെ ശരീരഭാരം കുറഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന താരം ഡിസ്ചാര്‍ജ് ആയെങ്കിലും ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. 

ശരീരഭാരം വല്ലാതെ കുറഞ്ഞതോടെയാണ് നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ അഭിഷേകിന് വിശ്രമം അനുവദിക്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. പാക്കിസ്ഥാനെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അഭിഷേക് പൂര്‍ണ ആരോഗ്യത്തോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

'അഭിഷേകിന് വയറ് ഇപ്പോഴും സുഖമായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്നും കളിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അഭിഷേകിന്‍റെ ഫിറ്റ്നസിനാണ് നിലവില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം'- ഇന്ത്യയുടെ അസിസിറ്റന്‍റ് കോച്ച് റയാന്‍ ടെന്‍ വ്യക്തമാക്കി. 

അഭിഷേകിന്‍റെ അഭാവത്തില്‍ സഞ്ജുവാകും ഇഷാന്‍ കിഷനൊപ്പം ഇന്ന് ഓപ്പണറാവുക. അതേസമയം, ഇഷാന്‍ കിഷന് ഇന്നലെ കാലിനേറ്റ നിസാര പരുക്കും ഇന്ത്യയ്ക്ക് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുന്‍പ് ഫോമിലല്ലാത്ത സഞ്ജു ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. ആദ്യ മല്‍സരത്തില്‍ ഇറങ്ങാതിരുന്ന ബുംറയും ഇന്ന് കളിച്ചേക്കും. 

ENGLISH SUMMARY:

India’s explosive opener Abhishek Sharma is likely to miss the T20 World Cup match against Namibia due to a severe stomach infection and significant weight loss. Reports indicate that Abhishek consumed contaminated food in Mumbai after a net session at Wankhede Stadium on February 6, leading to acute gastroenteritis and high fever. The 24-year-old batter was admitted to Ganga Ram Hospital in New Delhi after suffering from dehydration and a sudden drop in body weight. Although discharged, he remains weak and has called his personal trainer to Delhi for recovery. Assistant coach Ryan ten Doeschate confirmed that the management is prioritizing his fitness for the crucial Pakistan clash on February 15. In his absence, Sanju Samson is expected to open the innings alongside Ishan Kishan.