ഓപ്പണിങില്‍ സഞ്ജു സാംസണിന് പകരം ഇഷാന്‍ കിഷനുമായാണ് ഇന്ത്യ യുഎസ്എയ്ക്ക് എതിരെ എത്തിയത്. ഓപ്പണിങിലെ സ്ഥിരം സാന്നിധ്യമായ അഭിഷേക് ശര്‍മയില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ച ടീമിന് നിരാശയായിരുന്നു ഫലം. നേരിട്ട ആദ്യ പന്തില്‍ അഭിഷേക് പുറത്തായി. അലി ഖാനായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഫീല്‍ഡിങിനും അഭിഷേക് ശര്‍മ എത്തിയില്ല. സഞ്ജു സാംസനാണ് അഭിഷേകിന് പകരക്കാരനായി കളത്തിലെത്തിയത്.
ഡഗൗട്ടിൽ പോലും അഭിഷേകിനെ കണ്ടില്ല. മത്സരശേഷം യു.എസ്.എ താരങ്ങളുമായുള്ള ഹസ്തദാനത്തിനും അഭിഷേക് ശര്‍മ എത്തിയില്ല. അസുഖമായതിനാലാണ് താരം രണ്ടാം ഇന്നിങ്സില്‍ കളിക്കാതിരുന്നത് എന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്. ബുംറയ്ക്ക് കടുത്ത പനിയായതിനാലാണ് ആദ്യ മത്സരം നഷ്ടമായതെന്നും ക്യാപ്റ്റന്‍ വിശദീകരിച്ചു.
അഭിഷേകിന്‍റെ ആരോഗ്യനിലയില്‍ പേസര്‍ മുഹമ്മദ് സിറാജ് കുറച്ചുകൂടി വ്യക്തത നല്‍കി. അഭിഷേകിന് വയറുവേദനായാണെന്നും അതിനാലാണ് ഫീല്‍ഡ് ചെയ്യാന്‍ എത്താതിരുന്നതെന്നും സിറാജ് പറഞ്ഞു. നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ അഭിഷേക് കളിക്കുമെന്നാണ് സിറാജ് പറഞ്ഞത്.
നമീബിയയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് വാഷിങ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം ചേരുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് പരുക്കേറ്റത്. തുടര്‍ന്ന് ബാക്കി ഏകദിനങ്ങളും അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി 20 പരമ്പരയും വാഷിങ്ടണ്‍ സുന്ദറിന് നഷ്ടമായിരുന്നു. ഫെബ്രുവരി 12 ന് ഡല്‍ഹിയിലാണ് ഇന്ത്യ– നമീബിയ മത്സരം.