ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച പാക്കിസ്ഥാന്‍ തീരുമാനം പുനപരിശോധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ. പാക്കിസ്ഥാന്‍റെ തീരുമാനം ഫെബ്രുവരി 12 ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 ന് കൊളമ്പോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ–പാക്ക് മത്സരം നടക്കേണ്ടത്.
ഇന്ത്യയ്ക്ക് എതിരെ കളിക്കാന്‍ പാക്ക് ടീമിന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന കാര്യം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടില്ല. രാഷ്ട്രീയ പ്രേരിതമായ തീരുമാനമായതിനാല്‍ പാക്കിസ്ഥാന്‍ ഉടന്‍ തിരുത്തും എന്നാണ് ചേതന്‍ ശര്‍മ പ്രതീക്ഷിക്കുന്നത്.
''എന്താണ് ബംഗ്ലാദേശ് താരങ്ങളുടെ പ്രശ്നം. ഒന്നുമില്ല. ഇത് രാഷ്ട്രീയമാണ്. ബംഗ്ലാദേശില്‍ 12 ന് തിരഞ്ഞെടുപ്പാണ്. അതിനു ശേഷം ഒരു യൂ ടേണ്‍ കാണാം. ''പൊതുജനവികാരം കണക്കിലെടുക്കുമ്പോൾ ക്രിക്കറ്റ് തകരരുത്, പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കും'' എന്നൊരു പ്രസ്താവന കാണാം. തിരഞ്ഞെടുപ്പ് ശേഷം സൈനിക മേധാവി പോലും ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടികലര്‍ത്തരുതെന്ന് പറഞ്ഞേക്കാം'' എന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഇതുവരെ ഔദ്യോഗികമായി ഐസിസിയോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത പ്രസ്താവനകള്‍ക്ക് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് എതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം ടീമിന്‍റേത് അല്ലെന്നും സര്‍ക്കാര്‍ തീരുമാനമാണെന്നും പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ വാര്‍ത്തസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ഇന്ത്യ–പാക്ക് സെമിഫൈനല്‍ വന്നാല്‍ വീണ്ടും ഔദ്യോഗിക അനുമതി തേടുമെന്നും സല്‍മാന്‍ അലി ആഗ പറഞ്ഞു. അതേസമയം ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുമെന്ന നിലപാട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആവര്‍ത്തിച്ചു.