sheen-afridi-frocefully-escorted-foru-to-hotel-room-fined

Image Credit:AFP

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിനിടെ അച്ചടക്കം ലംഘിച്ചതിന് സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രീദിക്ക് കൂറ്റന്‍ പിഴ. ഒരു മില്യണ്‍ പാക്കിസ്ഥാന്‍ രൂപയാണ് അഫ്രീദിയുടെ ഫ്രാഞ്ചൈസിയായ ലാഹോര്‍ ക്വാലന്‍ഡര്‍സ് പിഴയീടാക്കിയത്. ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്ത് നിന്നുള്ളവരെ മുറിയില്‍ കയറ്റുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. വിവരം പിസിബിയെയും ക്വാലന്‍ഡര്‍സ് അറിയിച്ചിട്ടുണ്ട്.

രാത്രി 11 കഴിഞ്ഞതോടെയാണ് സിംബാബ്​വെ താരം സിക്കന്ദര്‍ റാസയ്ക്കൊപ്പം നാലു പേരെ കൂട്ടി ഷഹീന്‍ ഷാ അഫ്രീദി റാസയുടെ മുറിയിലേക്ക് കടന്നത്. അതിഥികളെ ഹോട്ടല്‍മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വിലക്കിയെങ്കിലും ഇരുവരും ഗൗനിച്ചില്ല.  പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം ഇരുവരും സമയം ചെലവഴിച്ചതായാണ് വിവരം. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഫ്രാഞ്ചൈസിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അച്ചടക്ക നടപടി. 

 'അച്ചടക്കവും ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നും പത്തുലക്ഷം പാക് രൂപ പിഴയായി ഈടാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയെയും ധരിപ്പിച്ചിട്ടുണ്ട്' എന്നായിരുന്നു ക്വാലന്‍ഡര്‍സിന്‍റെ ഔദ്യോഗിക വിശദീകരണം. കളിക്കാര്‍ക്കും ഓഫീഷ്യലുകള്‍ക്കും കളികാണാനെത്തുന്നവര്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ ഹോട്ടല്‍ അധികൃതര്‍ ചെലുത്തുന്ന ശ്രദ്ധയെയും ക്വാലന്‍ഡര്‍സ് അഭിനന്ദിച്ചിട്ടുണ്ട്. സുരക്ഷാചട്ടങ്ങള്‍ പാലിക്കാന്‍ കളിക്കാര്‍ ബാധ്യസ്ഥരാണെന്നും അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി. 

അതേസമയം, ഷഹീന്‍ ഷാ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്‍റെ പഴയ സുഹൃത്തുക്കളാണ് തന്നെ സന്ദര്‍ശിക്കാനെത്തിയതെന്നും അവരെ മുറിയിലേക്ക് കൊണ്ടുവന്നതാണ് താരമെന്നുമാണ് സിക്കന്ദര്‍ റാസയുടെ വിശദീകരണം. പുറത്ത് നിന്നുള്ളവരെ ഹോട്ടല്‍ മുറിയില്‍ കയറ്റാന‍് പാടില്ലായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും റാസ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Lahore Qalandars fined star pacer Shaheen Shah Afridi 1 million PKR for violating security protocols during PSL. Afridi and Sikandar Raza allegedly brought four guests into their hotel room late at night, ignoring official warnings. The franchise reported the incident to the PCB, emphasizing that player discipline and security remain top priorities. Raza clarified that the guests were old friends, but the team maintained its strict stance.