ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എല്ലാ അർത്ഥത്തിലും ആധിപത്യം പുലർത്തിയാണ് U19 ലോകകപ്പ് ഇന്ത്യ ഉയർത്തി. ടൂർണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഈ കിരീടനേട്ടം.
പതിനാലുകാരനായ വിസ്മയ താരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. വെറും 80 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയത് 175 റൺസാണ്. ഈ ഇന്നിംഗ്‌സിന്റെ കരുത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മത്സരത്തിലെ താരമായും സൂര്യവംശിയെ തിരഞ്ഞെടുത്തു.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനായി കാലേബ് ഫാൽക്കണർ (67 പന്തിൽ 115) പോരാടിയെങ്കിലും ഇന്ത്യൻ സ്കോറിന് അടുത്തെത്താൻ അവർക്കായില്ല. ഇന്ത്യയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് നിര പതറുകയായിരുന്നു. അണ്ടർ-19 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന റെക്കോർഡ് ഇന്ത്യ ഒന്നുകൂടി ഉറപ്പിച്ചു. ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ റൺ മാർജിനിലുള്ള വിജയമാണിത്.