• പിണറായി വിജയന്‍ സര്‍ക്കാരിനെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനായില്ലെന്ന് തുറന്നുസമ്മതിച്ച് സി.പി.എം. തോല്‍വിക്ക് കാരണം പാര്‍ട്ടി– സര്‍ക്കാര്‍ ഏകോപനമില്ലായ്മ. ഭരണവിരുദ്ധവികാരമുണ്ടായെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.

മുന്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനായില്ലെന്ന് തുറന്നുസമ്മതിച്ച് സി.പി.എം. എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടി– സര്‍ക്കാര്‍ ഏകോപനമില്ലായ്മയാണെന്നും. ഭരണവിരുദ്ധവികാരമുണ്ടായെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സമ്മതിച്ച് പാര്‍ട്ടി. പാർട്ടിയുടെ വോട്ട് വിഹിതം കഴിഞ്ഞ നാല്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് (21.77%) എത്തിയതായും റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം യുഡിഎഫ് ആയുധമാക്കിയെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍.

പാർട്ടിക്ക് സർക്കാരിനെ നിരീക്ഷിക്കാൻ ആയിരുന്നെങ്കിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സർക്കാരിനെ നിരീക്ഷിക്കാൻ നേരത്തെ പാർട്ടി സബ് കമ്മിറ്റികൾ ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നയത്തെ ചോദ്യം ചെയ്യാൻ ഘടകക്ഷികൾക്കാവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, നേതാക്കളുടെ പൊതുവേദിയിലെ സംസാരങ്ങളിലും വാർത്താസമ്മേളനങ്ങളിലും ജാഗ്രത കുറവുണ്ടായതായും കണ്ടെത്തി. കെഎസ്ആർടിസി പെൻഷൻ പ്രശ്നങ്ങൾ, നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശ്ശിക, കെട്ടിട നികുതി വർദ്ധനവ്, സഹകരണ മേഖലയിലെ പ്രശ്നങ്ങൾ, കാട്ടാന ശല്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ ഇടയിൽ നിലനിന്ന അതൃപ്തി ഭരണവിരുദ്ധ വികാരത്തിന് കാരണമായി.

ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍‌ ചൂണ്ടിക്കാട്ടുന്നു. ഇത് വർഗീയശക്തികളോട് മൃദുസമീപനം എന്ന പ്രതീതി നൽകി. മാത്രമല്ല, വെള്ളാപ്പള്ളി നടേശനെ ഉചിതമായി തള്ളി പറഞ്ഞതുമില്ല. പാർട്ടിക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന കോൺഗ്രസിന്റെ നുണപ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും മറ്റ് പ്രതിലോമ ശക്തികളും യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങുകയും ന്യൂനപക്ഷ വോട്ടുകളിൽ ഭിന്നത ഉണ്ടാക്കുകയും ചെയ്തു എന്നും കണ്ടെത്തലുണ്ട്. പിഎംശ്രീയിൽ എല്ലാ ഘടകക്ഷികളെയും വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പൊലീസിനും ഉദ്യോഗസ്ഥർക്കും ഏകാധിപത്യ സ്വഭാവമായിരുന്നു. നേതാക്കൾക്ക് അഹങ്കാരവും അഴിമതിയും. സ്വജന പക്ഷപാതവും ആഡംബരവും ഒരു വിഭാഗം നേതാക്കളെയും അണികളെയും ബാധിച്ചു. എ.പത്മകുമാറിനെതിരെയുള്ള നടപടി നിർദേശം പാലിക്കപ്പെട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. ചില നേതാക്കളുടെ ആർഭാട ജീവിതവും അഴിമതിയും ജനങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ തകർത്തു. മാധ്യമങ്ങളും പ്രതിപക്ഷവും ഇത് മുതലെടുത്തു. പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും ചില ഇടപെടലുകളും ചില മന്ത്രിമാരുടെ അടുപ്പക്കുറവും സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ അകൽച്ച ഉണ്ടാക്കി. ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചു. സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യഥാസമയം ശക്തമായ സംഘടനാ നടപടികൾ സ്വീകരിക്കാത്തത് പ്രതിപക്ഷത്തിന് ആയുധമായി. കള്ളക്കടത്ത്, അഴിമതി തുടങ്ങിയ പ്രവണതകൾക്കെതിരെ കൃത്യസമയത്ത് നടപടി എടുക്കാതിരുന്നത് ജനങ്ങളെ അകറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

കെ.കെ.ശൈലജയുടെ സീറ്റ് മാറ്റം തിരിച്ചടിച്ചു. 54 സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷവും മത്സരിച്ചത് സ്വന്തം സീറ്റുകളിൽ. ഇത് ജന അഭിപ്രായം പാർട്ടിക്കെതിരാവാൻ കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ഥാനാർഥിത്വങ്ങളില്‍ ഉന്നത നേതാക്കൾക്ക് വീഴ്ച ഉണ്ടായി. പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ പാർട്ടി തീരുമാനം ധിക്കരിച്ച് വിമതരായി മത്സരിച്ചത് തിരിച്ചടിയുടെ ആഴം കൂട്ടി. വനിതകൾക്കും ചെറുപ്പക്കാർക്കും വേണ്ടത്ര പ്രാതിനിധ്യം നൽകുന്നതിൽ വീഴ്ചയുണ്ടായി. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങളിലെ മരവിപ്പും പാർട്ടി അംഗങ്ങളുടെ നിസ്സഹകരണവും തിരിച്ചടിയുടെ ആഴം കൂട്ടി– റിപ്പോര്‍ട്ട് പറയുന്നു. ജില്ലാ കമ്മിറ്റികളെ പഴിചാരി ഒഴിവാകാൻ ആകില്ല. സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കേന്ദ്ര കമ്മിറ്റി. നവലിബറൽ നയങ്ങൾക്കും കോർപ്പറേറ്റ്- വർഗീയ രാഷ്ട്രീയത്തിനുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണവുമായി വികസനത്തെ സംയോജിപ്പിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍. 

അതേസമയം, തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ- സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്ത് തിരുത്തൽ നടപടികൾ സ്വീകരിക്കാനായി സെപ്റ്റംബറിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് താഴെത്തട്ട് മുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക വഴി പാർട്ടിയുടെയും സംഘടനകളുടെയും പോരാട്ടവീര്യം വീണ്ടെടുക്കും. വർഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം, ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ താഴെത്തട്ടിൽ പ്രത്യയശാസ്ത്ര ക്ലാസുകളും ബോധവൽക്കരണങ്ങളും ഊർജ്ജിതമാക്കും എന്നിങ്ങനെ തിരുത്തല്‍ നടപടികളും റിപ്പോര്‍ട്ടിലുണ്ട്.

ENGLISH SUMMARY:

In its election review report, the CPI(M) has admitted that the party failed to effectively control and monitor the previous Pinarayi Vijayan government, identifying a lack of coordination between the party and the government alongside anti-incumbency as key reasons for the LDF’s electoral defeat. The report noted that the opposition UDF successfully weaponized campaign strategies centered around former Chief Minister Pinarayi Vijayan, while public statements and press conferences by leaders lacked necessary caution. It highlighted political missteps including the reading of UP Chief Minister’s message at the Global Ayyappa Sangamam, failure to firmly reject Vellappally Natesan, and a lack of consultation with ally parties regarding PM SHRI. Furthermore, the party self-critiqued instances of authoritarian behavior among police officials, along with arrogance, corruption, nepotism, and luxury among a section of leaders and cadre.