കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്തു 2 കോടി രൂപ തട്ടിയെന്ന കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവ്. മുംബൈ കോടതിയാണ് ശിക്ഷ വിധിച്ചത്. മുംബൈയിലെ വ്യവസായി ദിനേശ് മേനോൻ നൽകിയ വഞ്ചനക്കേസിലാണ് നടപടി. ഒരുമാസത്തിനകം 5.3 കോടി പലിശ ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കണം. ഇല്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. ഒരു തെറ്റും ചെയ്തിട്ടില്ല കേസിനെ നിയമപരമായി നേരിടുമെന്നും എംഎല്‍എ മനോരമ ന്യൂസിനോടു പ്രതികരിച്ചു. 

 

2010ൽ 2 കോടി രൂപ കടം വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നൽകി മാണി സി.കാപ്പൻ വഞ്ചിച്ചെന്നാണ് മുംബൈ സ്വദേശിയുടെ പരാതി. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കോടതി കേസെടുത്തത്. വഞ്ചനക്കേസ് റദ്ദാക്കണമെന്ന എംഎൽഎയുടെ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് മാണി സി.കാപ്പൻ പ്രത്യേക കോടതിയിൽനിന്ന് ജാമ്യം നേടി. സുപ്രീം കോടതി വരെ എത്തിയ കേസ് പിന്നീടു ഹൈക്കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.

ENGLISH SUMMARY:

Mani C Kappan jail sentence has been issued in a cheating case. The MLA was sentenced to one year in prison for allegedly misappropriating Rs 2 crore in connection with Kannur airport shares.